ചൈനീസ്  വെല്ലുവിളി നേരിടാൻ ഗാല്‍വന്‍ നദിക്കു കുറുകെയുള്ള പാലം  നിർമ്മിച്ച്   ഇന്ത്യന്‍ സൈന്യം

ദാര്‍ബുക്ക് മുതല്‍ ദുലാത് ബെഗ് ഓള്‍ഡിലേക്കുള്ള 225 കിലോമീറ്റര്‍ പാതയില്‍ സൈനിക വിന്യസം ശക്തമാക്കാന്‍ ഇതു വഴി സാധിക്കും.

0

ശ്രീനഗര്‍ : കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ നദിക്കു കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യം. 60 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഈ പാലത്തിന്റെ നിര്‍മ്മാണമാണ് ചൈന തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്.തന്ത്രപ്രധാന മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കാലാള്‍പ്പടയെ അയക്കാനാണ് പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദാര്‍ബുക്ക് മുതല്‍ ദുലാത് ബെഗ് ഓള്‍ഡിലേക്കുള്ള 225 കിലോമീറ്റര്‍ പാതയില്‍ സൈനിക വിന്യസം ശക്തമാക്കാന്‍ ഇതു വഴി സാധിക്കും. നിരവധി തവണ ചൈനീസ് സൈന്യം പാലത്തിന്റെ നിര്‍മ്മാണത്തിന് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വലിയ നേട്ടമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിലൂടെ സൈന്യം നേടിയത്.

ഷ്യോക് – ഗാല്‍വാന്‍ നദികളുടെ മൂന്ന് കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്താണ് ഇരു സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്.നേരത്തെ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.

You might also like

-