വീട്ടിൽ അതിക്രമിച്ചുകയറിയ കേസിൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ പേഴ്സണൽ സെക്രട്ടറിയുടെ ഡ്രൈവർ അറസ്റ്റിൽ.

മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും സന്തോഷ് തന്നെയാണെന്നാണ് പൊലീസിന്‍റെ സംശയം. രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരാളാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. സന്തോഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും

0

തിരുവനന്തപുരം | വീട്ടിൽ അതിക്രമിച്ചുകയറിയ കേസിൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ പേഴ്സണൽ സെക്രട്ടറിയുടെ ഡ്രൈവർ അറസ്റ്റിൽ. മലയിൻകീഴ് സ്വദേശി സന്തോഷാണ് പിടിയിലായത്. തിരുവനന്തപുരം കുറവന്‍കോണത്ത് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലാണ് ഇയാളെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിരുന്നു. അതേസമയം മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും സന്തോഷ് തന്നെയാണെന്നാണ് പൊലീസിന്‍റെ സംശയം. രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരാളാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. സന്തോഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം രാത്രി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പോലീസ് ചോദിച്ചപ്പോൾ ഇയാൾ ആദ്യം കുറ്റം നിഷേധിച്ചു. പിന്നീട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച രേഖകളും, ഇയാള്‍ ഉപയോഗിച്ചിരുന്ന ഇന്നോവ വാഹനം തുടങ്ങി ശാസ്ത്രീയ തെളിവുകളെല്ലാം പൊലീസ് നിരത്തിയതോടെ സന്തോഷ് കുറ്റം സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. രാത്രി 11 മണിയോടെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ താത്കാലിക ജോലിക്കാരനാണ് ഇയാള്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്ത് യുവതിയ്‌ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. അതിനുശേഷം പുലര്‍ച്ചെ മ്യൂസിയത്തെത്തി യുവതിയ്‌ക്കെതിരെ അതിക്രമം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം .ഇതിനിടെ ബുധനാഴ്ച അതിക്രമം നടന്ന കുറവന്‍കോണത്തെ വീട്ടില്‍ കഴിഞ്ഞ ദിവസവും അജ്ഞാതന്‍ എത്തി. നേരത്തെ വന്ന അതേയാള്‍ തന്നെയാണ് കഴിഞ്ഞദിവസവും വന്നതെന്ന് വീട്ടുടമസ്ഥ പറയുന്നു

You might also like

-