ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും മുഖ്യമന്ത്രി

ബ്രഹ്‌മപുരത്ത് തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

0

തിരുവനന്തപുരം | ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചട്ടം 300 അനുസരിച്ച് നിയമ സഭയിൽ നടത്തിയ പ്രസ്തവാനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . മാലിന്യത്തിന്റെ ആറ് മീറ്ററോളം താഴ്ചയിൽ തീപിടിച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ​ഗ്ധ അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ അടക്കമുള്ള സാധ്യതകൾ തേടിയെന്നും എന്നാൽ പ്രായോ​ഗികമല്ലാത്തതിനാൽ സാധാരണ രീതി അവലംബിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ബ്രഹ്‌മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തും.ബ്രഹ്‌മപുരത്ത് തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചു. വിവിധ ഏജൻസികളും ഇരുന്നൂറ്റി അന്‍പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ രണ്ട് ഷിഫ്റ്റുകളിലായി രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. 32 ഫയര്‍ യൂണിറ്റുകള്‍, നിരവധി ഹിറ്റാച്ചികള്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ പമ്പുകള്‍ എന്നിവ ഇതിനായി ഉപയോഗിച്ചു. 2000 അഗ്നിശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ്, പോലീസ്, കൊച്ചി കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീപിടുത്തമുണ്ടായത് മുതല്‍ സര്‍ക്കാര്‍, ജില്ലാ ഭരണസംവിധാനം, കൊച്ചി കോര്‍പറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചു. മാര്‍ച്ച് മൂന്നിന് തന്നെ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. മാര്‍ച്ച് നാലിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം നടത്തുകയും സ്ഥിഗതികള്‍ വിലയിരുത്തുകയും അടിയന്തിര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തു. മാര്‍ച്ച് അഞ്ചിന് വ്യവസായ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീയണക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ക്ക് വേഗം കൂട്ടി. തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ത്രിതലത്തില്‍ ഏകോപിപ്പിച്ചു. മാര്‍ച്ച് ഏഴിന് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. വ്യോമസേനയെയും വിന്യസിച്ചു.

മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രശ്‌നപരിഹാര ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചു. മാര്‍ച്ച് പത്തിന് വ്യവസായ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ ബ്രഹ്‌മപുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. തുടര്‍ന്ന് മന്ത്രിമാര്‍ പങ്കെടുത്ത് ജനപ്രതിനിധികള്‍, ഫ്‌ളാറ്റ്-റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍, ആരോഗ്യവിദഗ്ധര്‍ എന്നിവരുടെ യോഗങ്ങള്‍ പ്രത്യേകം പ്രത്യേകം ചേരുകയുണ്ടായി. മാര്‍ച്ച് 13ഓടുകൂടി തീ പൂര്‍ണമായും അണയ്ക്കാനായി. ചെറിയ തീപിടുത്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടര്‍ന്നും ജാഗ്രതയും മുന്‍കരുതലും പുലര്‍ത്തിവരുന്നുണ്ട്.

ബ്രഹ്‌മപുരത്ത് വേര്‍തിരിക്കാതെ നിരവധി വര്‍ഷങ്ങളായി നിക്ഷേപിച്ചിട്ടുള്ള മാലിന്യത്തിനാണ് തീപിടിച്ചത്. മാലിന്യം പല അടുക്കുകളായി ഉണ്ടായിരുന്നതും, തീ ആറ് മീറ്ററോളം ആഴത്തില്‍ കത്തിയതും അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി. തീയണക്കാനുള്ള വാഹനങ്ങള്‍ക്കും യന്ത്രസാമഗ്രികള്‍ക്കും മാലിന്യകൂമ്പാരത്തിനിടയിലൂടെ കടന്നുപോകാന്‍ ആദ്യ ഘട്ടത്തിലുണ്ടായ പ്രയാസം മറ്റൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ അത് പെട്ടെന്ന് തന്നെ പരിഹരിക്കാനായി. തീയണക്കുന്നതിന് വിവിധ കോണുകളില്‍ നിന്നുള്ള വിദഗ്ദ്ധാഭിപ്രായം സര്‍ക്കാര്‍ നിരന്തരം തേടിക്കൊണ്ടിരുന്നു. ജനപ്രതിനിധികളും മറ്റും നല്‍കിയ നിര്‍ദേശങ്ങളുടെ പ്രായോഗികതയും സര്‍ക്കാര്‍ പരിഗണിക്കുകയുണ്ടായി. കൃത്രിമ മഴ, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പ്രയോഗം എന്നിങ്ങനെ ജനപ്രതിനിധികളില്‍ ചിലര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയുണ്ടായെങ്കിലും പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം. മാലിന്യം ഇളക്കിമറിച്ച ശേഷം വെള്ളം പമ്പ് ചെയ്ത് തീയണക്കുന്ന രീതിയാണ് ബ്രഹ്‌മപുരത്ത് അവലംബിച്ചത്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയും വിദഗ്ദ്ധാഭിപ്രായം തേടി സര്‍ക്കാര്‍ സമീപിച്ച ന്യൂയോര്‍ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലിയും ബ്രഹ്‌മപുരത്ത് അവലംബിച്ച രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്നാണ് അഭിപ്രായപ്പെട്ടത്.

തീപിടുത്തമുണ്ടാവുകയും പുക പടരുകയും ചെയ്തതു മുതല്‍ ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള മുന്‍കരുതലും തയാറെടുപ്പും ആരോഗ്യ വകുപ്പ് സ്വീകരിക്കുകയുണ്ടായി. എറണാകുളം മെഡിക്കല്‍ കോളേജിലും രണ്ട് താലൂക്ക് ആശുപത്രികളിലും പ്രത്യേക വാര്‍ഡുകള്‍, ജില്ലാ ആശുപത്രിയില്‍ 100 ഓക്‌സിജന്‍ ബെഡുകള്‍, കളമശേരി ആശുപത്രിയില്‍ സ്മോക്ക് കാഷ്വാലിറ്റി എന്നിവയും അതിനു പുറമെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാക്കി. സ്വകാര്യ ആശുപത്രികളും ആരോഗ്യ രക്ഷാപ്രവര്‍ത്തങ്ങളില്‍ നന്നായി സഹകരിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ട് കണ്‍ട്രോള്‍ റൂമുകളും സജ്ജീകരിച്ചു. നാലാം തീയതി മുതല്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി.

ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍ എന്നിവര്‍ക്ക് പ്രത്യേകം ആരോഗ്യ സംരക്ഷണം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നുമുള്ള നിര്‍ദേശവും നല്‍കി. പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുകയുണ്ടായി. ലഭ്യമായ കണക്കനുസരിച്ച് 1,335 പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈദ്യസഹായം തേടിയത്. 128 പേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആര്‍ക്കുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു

You might also like

-