തീപിടിച്ച വീട്ടിൽ നിന്നും ടെക്‌സസ് അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത് നൂറിലേറെ പാമ്പുകളെ
ടെക്‌സസ്: തീ ആളിപ്പടര്‍ന്ന വീട്ടില്‍ നിന്നും ടെക്‌സസ് അഗ്നിശമന സേനാംഗങ്ങള്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ നൂറിലേറെ പാമ്പുകളെ രക്ഷപെടുത്തി.കഴിഞ്ഞ ശനിയാഴ്ചയാണ് വീടിനു തീ പിടിച്ച വിവരം ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തി അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുന്നതിനിടയില്‍ വീടിന്റെ രണ്ടാം നിലയില്‍ പാമ്പുകളേയും മറ്റു പല ജീവജാലങ്ങളെയും കണ്ടെത്തുകയായിരുന്നു. വളരെ സുരക്ഷിതമായി ഇവയെല്ലാം രണ്ടാം നിലയില്‍ നിന്നും മാറ്റിയപ്പോള്‍ പല്ലി വര്‍ഗത്തില്‍പ്പെട്ട രണ്ടു ജീവികള്‍ തീയില്‍ വെന്തു പോയതായി അധികൃതര്‍ അറിയിച്ചു.
ക്രിസ്മസ് ട്രീയില്‍ നിന്നാണ് തീ ആളി പടര്‍ന്നതെന്ന് അഗ്‌നിശമന സേനാധികൃതര്‍ പറഞ്ഞു. ഇത്രയും പാമ്പുകളെ വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നോ എന്നും അധികൃതര്‍ പരിശോധിച്ചു വരുന്നു. തീ പിടിക്കു മ്പോള്‍ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല എന്ന് അധികൃതര്‍ പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളില്‍ ദീപാലങ്കാരം നടത്തുന്നവര്‍ ഇലക്ട്രിക് സര്‍ക്യുട്ട് ഉണ്ടാകാതെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.