നിരോധാജ്ഞ മറികടന്ന് സന്നിധാനത്തെ സമരം: 65 പേര്‍ അറസ്റ്റില്‍; ഇരുന്നൂറോളം പേര്‍ക്കെതിരെ കേസ്
നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്ത് പ്രതിഷേധിച്ചതും സംഘര്‍ഷത്തന് ശ്രമിച്ചതുമാണ് ഇവര്‍ക്കെതിരായ കുറ്റം.
ശബരിമല: നിരോധനാജ്ഞ നിലനിൽക്കുന്ന സന്നിധാനത്ത് പ്രതിഷേധിച്ച കസ്റ്റഡിയിലെടുത്തവരില്‍ 72 പേരില്‍ 65 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെ ഹാജരാക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. നേരത്തെ 200ഓളം വരുന്ന ആളുകളായിരുന്നു സന്നിധാനത്ത് പ്രതിഷേധിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്ത് പ്രതിഷേധിച്ചതും സംഘര്‍ഷത്തന് ശ്രമിച്ചതുമാണ് ഇവര്‍ക്കെതിരായ കുറ്റം.
സമരം നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. യുവമോര്‍ച്ച സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ മണിയാര്‍ എആര്‍ ക്യാംപിന് മുന്നില്‍ നാമജപ പ്രതിഷേധം തുടരുകയാണ്. ബിജെപി സംസ്ഥാന നേതാവ് ശോഭ സുരേന്ദ്രനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ നേതാക്കള്‍ അവിടേയ്ക്ക് എത്തുമെന്നാണ് വിവരം.