അമേരിക്കയിൽ നവജാത ശിശുവിനെ ബാത്ത് ടബ്ബില്‍ മുക്കി കൊന്ന കേസില്‍ സിക്ക് വനിതക്ക് 29 വര്‍ഷം ജയില്‍ ശിക്ഷ

2018-ല്‍ ആയിരുന്നു സംഭവം. 2019 മാര്‍ച്ചില്‍ ബിയാന്ത് കൗറിന്റെ ഭര്‍ത്താവ് 48 വയസ്സുള്ള ജസ്ഗീര്‍ സിംഗ് ധില്ലന്‍ ആത്മഹത്യ ചെയ്തിരുന്നു

0

കാലിഫോര്‍ണിയ: 15 വയസുള്ള പുത്രിക്ക് ഉണ്ടായ കുട്ടിയെ ബാത്ത് ടബ്ബില്‍ മുക്കി കൊന്ന കേസില്‍ ബിയാന്ത് കൗര്‍ ധില്ലനു, 45, കോടതി 29 വര്ഷം പരോളില്ലാത്ത ജയില്‍ ശിക്ഷ വിധിച്ചു. കെണ്‍ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി കെന്നത് ട്വീസല്‍മാന്‍ ആണ് ശിക്ഷ വിധിച്ചത്. നേരത്തെ ജൂറി അവര്‍ കുറ്റക്കാരി എന്ന് കണ്ടെത്തിയിരുന്നു. ഫസ്റ്റ് ഡിഗ്രി കൊലപാതകം, കുറ്റകരമായി വലിയ ശക്തി ഉപയോഗിച്ച് കുട്ടികളെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരുന്നത്.

2018-ല്‍ ആയിരുന്നു സംഭവം. 2019 മാര്‍ച്ചില്‍ ബിയാന്ത് കൗറിന്റെ ഭര്‍ത്താവ് 48 വയസ്സുള്ള ജസ്ഗീര്‍ സിംഗ് ധില്ലന്‍ ആത്മഹത്യ ചെയ്തിരുന്നു. ബേക്കേഴ്‌സ് ഹില്ലിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. 15 വയസ്സുള്ള പുത്രി ഗര്‍ഭിണിയായതോടെയാണ് അവരുടെ ജീവിതം തകിടം മറിയുന്നത്. ഗര്‍ഭിണിയാണെന്ന കാര്യം പുത്രി ആരേയും അറിയിച്ചില്ല. അയഞ്ഞ വസ്ത്രമുടുത്ത് വീട്ടുകാരില്‍ നിന്നു വിവരം മറച്ചുവെച്ചു. 2018 നവംബറില്‍ മകള്‍ ഒരു കുട്ടിയെ വീട്ടിലെ ബാത്ത്‌റൂമില്‍ പ്രസവിച്ചു. ആര്‍ക്കെങ്കിലും ദത്തെടുക്കാന്‍ നല്‍കുകയാണെന്നു പറഞ്ഞ് അമ്മ ബിയാന്ത്, കുട്ടിയെ വാങ്ങി. തുടര്‍ന്ന് അവര്‍ കുട്ടിയെ ബാത്ത് ടബില്‍ മുക്കിക്കൊന്നു. കുട്ടിയുടെ ശരീരം ഒരു ബാഗിലാക്കി വച്ചു.

അന്നു രാത്രി ജസ്ഗിര്‍ സിംഗും മരുമകന്‍ ബക്ഷിന്ദര്‍ സിംഗ് മാനും (23) ചേര്‍ന്നു വീടിനു പുറകിലെ തോട്ടത്തില്‍ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് കേസ്. കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ് കുട്ടിയെ കൊന്നതെന്ന് ബിയാന്ത് സമ്മതിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് പോലീസ് രംഗത്തുവരുന്നത്. പിതാവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കഷണം കഷണമാക്കുമെന്നു പറഞ്ഞതായും പുത്രി അധ്യാപകരോട് പറഞ്ഞു. തന്നെ വിവാഹം കഴിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നും അറിയിച്ചു.

അധ്യാപകര്‍ പോലീസില്‍ അറിയിച്ചു. അവസാനം വീട്ടിലെത്തിയ പോലീസ് പെണ്‍കുട്ടിയെ ചോദ്യംചെയ്തു. ശിശുവിന്റെ ജഡം പിറകില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നു തന്റെ സഹോദരന്‍ പറഞ്ഞതായി പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. തുടര്‍ന്നു പോലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. ജസ്ഗിറിനേയും ബിയാന്തിനേയും അറസ്റ്റ് ചെയ്തു. കൊലയ്ക്ക് കൂട്ടുനിന്നുവെന്നും കുട്ടിയോട് ക്രൂരത കാട്ടിയെന്നുമായിരുന്നു ജസ്ഗിറിനെതിരേയുള്ള ചാര്‍ജ്. അയാള്‍ക്ക് പിന്നീട് ജാമ്യം കിട്ടി. കൊലക്കേസ് ചാര്‍ജ് ചെയ്യപ്പെട്ട ബിയാന്തിന് ജാമ്യം കിട്ടിയില്ല.

കുട്ടി ചാപിള്ളയാണെന്നാണ് കരുതിയതെന്നാണ് ബിയാന്ത് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലിലല്‍ കുട്ടിയെ ടബ്ബില്‍ കമഴ്ത്തിപ്പിടിച്ചുവെന്ന് സമ്മതിച്ചു. ക്രമേണ കുഞ്ഞ് നിശ്ചലമായി. സ്‌കൂളിലെ ഒരു സീനിയര്‍ സ്റ്റുഡന്റുമായിട്ടാണ് തന്റെ ബന്ധമെന്ന് പുത്രി പറഞ്ഞു. എന്നാല്‍ തന്റെ മരുമകന്‍ ബക്ഷിന്ദര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് ജസ്ഗിര്‍ പോലീസിനോട് പറഞ്ഞു.

അറസ്റ്റ് ചെയ്ത ബക്ഷിന്ദര്‍പാല്‍ സിംഗിനെ ഇലക്ട്രോണിക് മോണിറ്ററിംഗ് ഉപകരണം ഘടിപ്പിച്ച് ജാമ്യത്തില്‍ വിട്ടു. എന്നാല്‍ ഉപകരണം മുറിച്ച് അയാള്‍ സ്ഥലംവിട്ടു. ഇപ്പോള്‍ ഇവിടെ എന്നറിയില്ല. ഭര്‍ത്താവ് ജസ്ഗിറിന്റെ സംസ്‌കാര വേളയില്‍ ഭാര്യയെ പോലീസിന്റെ അകമ്പടിയോടെ കൊണ്ടുവന്നിരുന്നു. മകളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് കൊണ്ടുപോയി. ശിക്ഷാവിധി കേട്ട മകനും മകളും അമ്മയെ തങ്ങള്‍ സ്‌നേഹിക്കുന്നുവെന്നും അവരുമായി ബന്ധം നിലനിര്‍ത്തുമെന്നും പറഞ്ഞതായി പ്രാദേശിക പടഹരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

You might also like

-