എൽ ജെ ഡിയിൽ വിമത യോഗം ചേർന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ്

നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം പാർട്ടി നേതൃത്വത്തിന് മറുപടി നൽകണമെന്നും എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ എം പി പറഞ്ഞു

0

കോഴിക്കോട് |സംസ്ഥാന നേതൃത്തത്തിനെതിരെ വിമത യോഗം ചേർന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ എൽ ജെ ഡി തീരുമാനം. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള എന്നിവരടക്കം ഒമ്പത് പേർക്കാണ് നോട്ടീസ് നൽകുക. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം പാർട്ടി നേതൃത്വത്തിന് മറുപടി നൽകണമെന്നും എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ എം പി പറഞ്ഞു.

“അച്ചടക്ക ലംഘനം നടത്തിയവർ തെറ്റുതിരുത്തി വന്നാൽ അവർക്ക് മുന്നിൽ പാർട്ടി വാതിൽ അടയ്ക്കില്ല. തെറ്റു തിരുത്താൻ താല്പര്യമുണ്ടെങ്കിൽ ആവാം. നിലപാടിൽ മാറ്റമില്ലെങ്കിൽ നടപടി സ്വീകരിക്കും. ഇനി തീരുമാനം എടുക്കേണ്ടത് അച്ചടക്ക ലംഘനം നടത്തിയവരാണ് ” എം വി ശ്രേയാംസ് കുമാർ എം പി പറഞ്ഞു ,സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
” സംഘടനാ വിരുദ്ധ പ്രവർത്തനമാണ് നടന്നത്. വിമതയോഗവും അതിനുശേഷം നടന്ന വാർത്താ സമ്മേളനവും പാർട്ടി ശക്തമായി അപലപിക്കുന്നു. വിമത പ്രവർത്തനം അംഗീകരിക്കാനാവില്ല. പാർട്ടിയെ തളർത്താനല്ല, വളർത്താനാണ് ശ്രമിക്കുന്നത് ” ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു .

20ന് മുമ്പ് സംസ്ഥാന അധ്യക്ഷ സ്ഥാനം ശ്രേയാംസ് കുമാർ ഒഴിയണമെന്നായിരുന്നു വിമത നേതാക്കളുടെ ആവശ്യം എന്നാൽ ഈ ആവശ്യവും ശനിയാഴ്ച ചേർന്ന യോഗം തള്ളിയതായി ശ്രേയാംസ് കുമാർ പറഞ്ഞു. നാല് സംസ്ഥാന ഭാരവാഹികൾ, മൂന്ന് ജില്ലാ പ്രസിഡന്റുമാർ, രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ മാത്രമാണ് വിമത പക്ഷത്തുള്ളതെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. ബാക്കിയുള്ളവർ നേരിട്ടും രേഖാമൂലവും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും എം വി ശ്രേയാംസ് കുമാർ പറഞ്ഞു.
ദേശീയ സെക്രട്ടറി വർഗീസ് ജോർജും, പാർട്ടിയുടെ ഏക എം എൽ എ കെ പി മോഹനനും വാർത്താസമ്മേളനത്തിൽ ശ്രേയാംസിന് ഒപ്പമുണ്ടായിരുന്നു. വർഗീസ് ജോർജിന്റെയും കെ പി മോഹനന്റെയും പിന്തുണ വിമതനേതാക്കൾ അവകാശപ്പെട്ടിരുന്നുവെങ്കിലും തങ്ങൾ പാർട്ടി തീരുമാനത്തിനൊപ്പമാണെന്ന് ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടിയിൽ തന്നെ പരിഹരിക്കണമെന്ന് വർഗീസ് ജോർജ് പറഞ്ഞു. വിമത യോഗത്തിന് യാതൊരു പിന്തുണയുമില്ല. വിഭാഗീയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കില്ലെന്നും വർഗീസ് ജോർജ് വ്യക്തമാക്കി. ഇന്ന് ചേർന്നതാണ് ഔദ്യോഗിക യോഗമെന്നും വിമതരെ പിന്തുണയ്ക്കില്ലെന്നും കെ പി മോഹനൻ എം എൽ എ പറഞ്ഞു.

You might also like

-