വനിതാ മാധ്യമ പ്രവർത്തകയെയും കുടുംബത്തെയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച കേസിൽ തിരുവനന്തപുരംസെക്രട്ടറി എം. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം പ്രസ്‌ക്ലബിൽ നിന്നും പേട്ട പൊലീസാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ പ്രതിക്ഷേധം സംഘടിപ്പിച്ചിരുന്നു

0

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവർത്തകയെയും കുടുംബത്തെയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ചുവെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ടോടെയായിരുന്നു അറസ്റ്റ്. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നിന്നും പേട്ട പൊലീസാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ പ്രതിക്ഷേധം സംഘടിപ്പിച്ചിരുന്നു.

ഇന്ന് രാവിലെ പ്രസ് ക്ലബില്‍ പ്രതിഷേധവുമായി വനിത മാധ്യമപ്രവര്‍ത്തകര്‍ പ്രസ് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിക്കുകയും പ്രസ് സെക്രട്ടറിയുടെ മേശപ്പുറത്ത് ചാണകവെള്ളം കുപ്പിയിലാക്കി വയ്ക്കുകയും ചെയ്തിരുന്നു. നെറ്റ്‍വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ എന്ന മാധ്യമക്കൂട്ടായ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. വനിത മാധ്യമക്കൂട്ടായ്മയുടെ പ്രതിഷേധം ശക്തമായതോടെ രാവിലെ പ്രസ് ക്ലബ് ഭാരവാഹികള്‍ യോഗം ചേരുകയും വനിത മാധ്യമപ്രവര്‍ത്തകയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തു.അന്വേഷണം പൂര്‍ത്തിയാവും വരെ എം.രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്താനും തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവാതെ വന്നതോടെയാണ് രാധാകൃഷ്ണന്‍റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. അതേസമയം രാധാകൃഷ്ണന്‍റെ അറസ്റ്റിന് ശേഷവും ഇയാളെ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.

അതേസമയം, രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണറോട് നിർദ്ദേശിക്കും.റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും. വനിതാ മാധ്യമ പ്രവർത്തകരുടെ പരാതികൾ പരിഹരിക്കാൻ മാധ്യമ സ്ഥാപനങ്ങളിൽ ഐസിസി ( ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി) ഉണ്ടോയെന്ന് പരിശോധിക്കുന്നതുൾപ്പെടെയുളള നടപടികൾ കമ്മീഷൻ സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു.

തിരുവനന്തപുരത്തെ വനിത മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനാണ് രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി ഇവരുടെ വീട്ടിലെത്തി എന്നതിന്റെ പേരില്‍ രാധാകൃഷ്ണന്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയും ചെയ്തത്. പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാധാകൃഷ്ണന്‍ തന്റെ വീട് അതിക്രമിച്ചുകയറിതെന്നാണ് പരാതിക്കാരി പറയുന്നത്.പരാതിക്കാരിയെ കാണാന്‍ വന്ന സുഹൃത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതും പ്രസ്‌ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുറച്ചാളുകള്‍ സുഹൃത്തിനെ തിരികെ പരാതിക്കാരിയുടെ വീട്ടിലേക്ക് തന്നെ കൊണ്ടുവരികയും വീടിനകത്തേക്ക് അനുവാദമില്ലാതെ കയറുകയും ചെയ്തു. തുടര്‍ന്ന് എന്തിനാണ് ഈ ആണ്‍ സുഹൃത്ത് വീട്ടിലേക്ക് വരുന്നത് എന്ന് ചോദിച്ച്‌ തന്നോട് മോശമായി സംസാരിക്കുകയായിരുന്നുവെന്ന പരാതിക്കാരി പറയുന്നു. തുടര്‍ന്ന് തന്നെയും മക്കളേയും രാധാകൃഷ്ണന്‍ റൂമിലേക്ക് ബലം പ്രയോഗിച്ച്‌ കൊണ്ടുപോയെന്നും ഇവര്‍ ആരോപിച്ചു.

ഭര്‍ത്താവിനെ വിളിക്കാം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും, നിങ്ങള്‍ സമ്മതിച്ചാല്‍ ആരും അറിയാതെ പ്രശ്‌നം ഒതുക്കിതീര്‍ക്കാം എന്നും രാധാകൃഷ്ണന്‍ പറഞ്ഞെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. ഇതിനിടയില്‍ രാധാകൃഷ്ണനും സംഘവും ഇവരുടെ സുഹൃത്തിനെ തല്ലുകയും ചെയ്തു. പരാതിക്കാരിയുടെ വീട്ടില്‍ പോയ കാര്യം പ്രസ്‌ക്ലബ് സെക്രട്ടറി രാധാകൃഷ്ണന്‍ അംഗീകരിച്ചു എന്നാല്‍ സമീപത്ത് താമസിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താന്‍ അവിടെ എത്തിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണമെന്നാണ് റിപ്പോർട്ട്.

You might also like

-