വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്നും കനകദുർഗ്ഗ. സ്ത്രീകൾ എത്തിയാൽ തടയുമെന്നു എം ടി രമേശ്

യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുവാന്‍ നോക്കുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതകമുണ്ടാക്കുമെന്നും എം ടി രമേശ് പറഞ്ഞു.

0

തിരുവനന്തപുരം:സ്ത്രീ പ്രവേശനവിധി രാഷ്ട്രീയവൽക്കരിച്ചതെന്ന് കനക ദുർഗ്ഗ.വിധി നിരാശപ്പെടുത്തുന്നില്ല. വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്നും കനകദുർഗ്ഗ പറഞ്ഞു.

വിശ്വാസികളായ കൂടുതൽ യുവതികൾ ഇത്തവണയും ശബരിമലയിലേക്ക് പോകുമെന്ന് കഴിഞ്ഞ തവണ ദർശനം നടത്തിയ മഞ്ജുവും പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ഇത്തവണ ശബരിമല ദർശനത്തിനില്ല. എന്നാൽ പോകാനാഗ്രഹിക്കുന്നവർക്ക് പൂർണ പിന്തുണ നൽകും. യുവതികൾക്ക് സുഗമമായി ദർശനം നടത്താൻ സർക്കാർ ഇടപെടണമെന്നും മഞ്ജു പറഞ്ഞു.

അതേസമയം ശബരിമല റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത് സ്വാഗതാര്‍ഹമാണ്. ഇനി സാങ്കേതികത്വം പറഞ്ഞു യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുവാന്‍ നോക്കുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതകമുണ്ടാക്കുമെന്നും എം ടി രമേശ് പറഞ്ഞു.സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത് ഗൗരവതരമാണെന്നും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരം ആയിരിക്കുമെന്ന് കുമ്മനവും പറഞ്ഞു.

ശബരിമല കേസിലെ റിവ്യു ഹര്‍ജികളില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിന് വിടാനാണ് സുപ്രീം കോടതി വിധിച്ചത്. നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല.2018 സെപ്റ്റംബര്‍ 28ന് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരെ 56 പുനപരിശോധന ഹര്‍ജികളിലാണ് ഇന്ന് തീരുമാനമെടുത്തത്.ഹര്‍ജികളില്‍ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായത്. അഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, റോഹിന്റന്‍ നരിമാന്‍ എന്നിവര്‍ വിയോജന വിധിയാണ് എഴുതിയത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ എന്നിവരുടെ വിധിയാണ് ആദ്യം വായിച്ചത്.

പുനപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം സമാനമായ മറ്റ് ഹര്‍ജികളും കിട്ടിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശവും മുസ്ലീം പാഴ്‌സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹര്‍ജികളും ഇനി വിശാല ബെഞ്ചിന്റെ പരിഗണനയിലായിരിക്കും. ഒരേ മതത്തിലെ രണ്ട് വിഭാഗങ്ങള്‍ക്കും തുല്യ അവകാശമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

You might also like

-