മദർ തെരേസയെ രൂക്ഷമായി വിമർശിച്ച് ആർ എസ് എസ്.. മദർ കുട്ടികളെ വില്പനനടത്തി
ഡല്‍ഹി: ലോകം ആദരിക്കുന്ന കാരുണ്യത്തിന്റെ മാലാഖയായ മദര്‍ തെരേസയ്ക്കെതിരെ ആര്‍എസ്എസ്. റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമത്തില്‍നിന്നും കുട്ടികളെ വിറ്റെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് നേതാവ് രാജീവ് തുളി രംഗത്തെത്തിയിരിക്കുന്നത്. മദര്‍ തെരേസയുടെ ഭാരതരത്ന പുരസ്കാരം തിരിച്ചെടുക്കണമെന്നും രാജീവ് തുളി ആവശ്യപ്പെട്ടു. ആര്‍എസ്എസിന്റെ ഡല്‍ഹി പ്രചാര്‍ പ്രമുഖാണ് ഇയാള്‍.
ഇന്ത്യന്‍ പൗരന്മാര് ഭാരതരത്നത്തെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. മദര്‍ തെരേസ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒരിക്കല്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ല. മദര്‍ തെരേസയ്ക്കു 1980 ല്‍ ആണ് ഭാരതരത്നം നല്കി രാജ്യം ആദരിച്ചത്. അവരുടെ സന്യാസ സമൂഹത്തിനു നേര്‍ക്കുണ്ടായ ആരോപണം സത്യമാണെന്നു തെളിഞ്ഞാല്‍ പുരസ്കാരം തിരിച്ചെടുക്കണം, രാജീവ് തുളി പറഞ്ഞു.മിഷണറീസ് ഓഫ് ചാരിറ്റിയോട് ബിജെപി പകപോക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയെ ബിജെപി ലക്ഷ്യം വയ്ക്കുകയും ദ്രോഹിക്കുകയുമാണെന്ന് മമത പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റി മദര്‍ തെരേസ സ്വന്തം നിലയില്‍ ആരംഭിച്ചതാണ്. ഇപ്പോഴും ഈ സ്ഥാപനത്തെ അവഗണിക്കാനാവില്ല. സ്ഥാപനത്തിന്റെ ദുഷിപ്പിക്കാന്‍ പകയോടെയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കന്യാസ്ത്രീകളെ ലക്ഷ്യംവയ്ക്കുകയാണ്. ബിജെപി ആരെയും ബാക്കിവയ്ക്കില്ല. ഇത് ശക്തമായ അപലപിക്കപ്പെടേണ്ടതാണ്. ദരിദ്രരില്‍ ദരിദ്രര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുമായി മിഷണറീസ് ഓഫ് ചാരിറ്റി മുന്നോട്ടുപോകട്ടെയെന്നും മമത പറഞ്ഞു. ആരെങ്കിലും കുറ്റം ചെയ്താല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകണം. എന്നാല്‍ മിഷണറീസ് ഓഫ് ചാരിറ്റി മോശമാണെന്ന് പറയാന്‍ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു