കൂട്ടപ്പിരിച്ചുവിടലില്‍ : ധാരണ തെറ്റിച്ച് കോറോ ഹെല്‍ത്ത് ജീവനക്കാരെ ഓഫീസീല്‍ കയറ്റിയില്ല
ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ കാത്തുനില്‍ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ട്രേഡ് യൂണിയന്‍ നേതാക്കളും ഉമാ തോമസ് എംഎല്‍എയുമടക്കം ഓഫീസിന് മുന്നിലെത്തിയിട്ടുണ്ട്. ലേബര്‍ ഉദ്യോഗസ്ഥനും സ്ഥലത്തെത്തുമെന്നാണ് വിവരം.
കൊച്ചി: കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ നടത്തിയ ചർച്ചയിലെ ധാരണ തെറ്റിച്ച് അമേരിക്കന്‍ കമ്പനി കോറോ ഹെല്‍ത്ത്. കൊച്ചിയിലും കോഴിക്കോടും ജീവനക്കാരെ ഇന്നും ജോലി ചെയ്യുന്നതിനായി ഓഫീസിന് അകത്തേക്ക് കടത്തിവിട്ടില്ല. ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ കാത്തുനില്‍ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ട്രേഡ് യൂണിയന്‍ നേതാക്കളും ഉമാ തോമസ് എംഎല്‍എയുമടക്കം ഓഫീസിന് മുന്നിലെത്തിയിട്ടുണ്ട്. ലേബര്‍ ഉദ്യോഗസ്ഥനും സ്ഥലത്തെത്തുമെന്നാണ് വിവരം. മാനേജ്‌മെന്റുമായി തൊഴില്‍മന്ത്രി വെള്ളിയാഴ്ച നേരിട്ട് ചര്‍ച്ച നടത്തുന്നതുവരെ സാധാരണ രീതിയില്‍ ജോലിചെയ്യാമെന്നായിരുന്നു കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ 9 മണിയോടെ ജീവനക്കാര്‍ എത്തിയപ്പോള്‍ കൊച്ചി ഓഫീസിന്റെ വാതിലുകള്‍ പോലും തുറന്നിരുന്നില്ല. താത്കാലികമായി ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കാമെന്ന ഉറപ്പാണ് കമ്പനി ലംഘിച്ചത്.
കമ്പനിയുടെ കൊച്ചി ഓഫീസിൽ നിലവില്‍ സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. കമ്പനി മാനോജ്‌മെന്റ് അംഗങ്ങളോ പ്രതിനിധികളോ സ്ഥലത്തെത്തിയിട്ടില്ല. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് ആരെയും അകത്തേക്ക് കടത്തിവിടരുതെന്നാണ് സുരക്ഷാ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിർദേശം. കമ്പനിയുടെ കൊച്ചി ഓഫീസില്‍ മാത്രം അറുന്നൂറോളം പേരാണ് ജോലി ചെയ്യുന്നത്. ജീവനക്കാര്‍ ഓഫീസിന് മുന്നില്‍ തന്നെ നിലയുറപ്പിച്ചതിന് പിന്നാലെ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരെത്തി അവരുടെ ഹാജര്‍ രേഖപ്പെടുത്തി. കമ്പനി അധികൃതരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണം ലഭിച്ചിട്ടില്ല.