പുല്‍വാമയില്‍ ബോംബ് സ്ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സുരക്ഷാസേന പുറത്തുവിട്ടു
സ്ഫോടക വസ്തുവായ ഐഇഡി ഒളിപ്പിച്ച കാര്‍ ചെക്ക്പോസ്റ്റില്‍ വച്ച് സൈന്യം കണ്ടെത്തിയത്
ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് സ്ഫോടക വസ്തുവായ ഐഇഡി ഒളിപ്പിച്ച കാര്‍ ചെക്ക്പോസ്റ്റില്‍ വച്ച് സൈന്യം കണ്ടെത്തിയത്.
വ്യാജ നമ്ബര്‍ പതിപ്പിച്ച വെള്ള ഹുണ്ടായി സാന്‍ട്രോ കാറിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത്. ചെക്ക്പോസ്റ്റില്‍ വച്ച് വാഹനം നിര്‍ത്തുവാന്‍ സുരക്ഷാഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡ്രൈവര്‍ കാറോടിച്ചു പോകുവാന്‍ ശ്രമിച്ചു.തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ത്തുവെങ്കിലും ഡ്രൈവര്‍ കാറില്‍ നിന്നുമിറങ്ങി ഓടി രക്ഷപെട്ടു.
ആക്രമണ സാധ്യതയുണ്ടാകുമെന്ന് തങ്ങള്‍ക്ക് രഹസ്യ സൂചന ലഭിച്ചിരുന്നതായി ഐജി വിജയകുമാര്‍ പറഞ്ഞു. ഐഇഡി നിറച്ച വാഹനത്തിനായി തങ്ങള്‍ ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ വിജനമായ സ്ഥലത്ത് എത്തിച്ച് സ്ഫോടനത്തിലൂടെ അപകടം ഒഴിവാക്കി. സ്ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സുരക്ഷാസേന പുറത്തുവിട്ടു.