വടക്കെ ഇന്ത്യയിൽ പേമാരി മരണം 13
ഹിമാചൽ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മാത്രമായി 11 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. കനത്തമഴയെ തുടർന്ന് പഞ്ചാബിലും, കുളുവിലും റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ സൈന്യത്തോട് ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചു.
ഷിംല: ന്യൂന മർദ്ദത്തെത്തുടർന്ന് വടക്കെ ഇന്ത്യയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി വടക്കെ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മാത്രമായി രണ്ടു ദിവസത്തിനിടെ 13 മരിച്ചു ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മാത്രമായി 11 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. കനത്തമഴയെ തുടർന്ന് പഞ്ചാബിലും, കുളുവിലും റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ സൈന്യത്തോട് ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചു.
രണ്ടു ദിവസമായി ശക്തമായി മഴ തുടരുന്ന പഞ്ചാബിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. കൂടാതെ ഷിംല, കാൻഗ്ര, കുളു, സിർമൗർ, കിന്നൗർ, സൊലാൻ, ഹാമിർപൂർ, ചമ്പ, മാണ്ഡി തുടങ്ങി12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചലിൽ ബദ്രിനാഥ്, കേദാർനാഥ്, യമുനോത്രി എന്നിവിടങ്ങളിലെ റോഡുകൾ അടച്ചു. ഹിമാചലിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഇത് ചൊവ്വാഴ്ച പഞ്ചാബിലെ വിവിധ മേഖലകളെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹിമാചലിലെ റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ മണാലിയും ഒറ്റപ്പെട്ടു. കുളുവിലും മണാലിയിലും മാത്രം മൂന്ന് പ്രധാന പാലങ്ങൾ ഒലിച്ചുപോയിട്ടുണ്ട്.
മണാലിയിൽ കനത്ത മണ്ണിടിച്ചിലിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്. 43 മലയാളികൾ കുടുങ്ങിയെന്നാണു പ്രാഥമിക വിവരം. പാലക്കാട് നിന്നുള്ള 30 പേരും തിരുവനന്തപുരത്ത് നിന്നുള്ള13 പേരുമാണ് കുടുങ്ങിയത്. ഇവർ മുഖ്യമന്ത്രിയുടെ ഒാഫീസുമായി ബന്ധപ്പെട്ടതായി ഔദ്യോദിക വൃത്തങ്ങൾ അറിയിച്ചു.
കുളുവിൽ 121 മില്ലിമീറ്ററും കാൻഗ്രയിൽ 120 മില്ലിമീറ്ററും മഴ പെയ്തതായാണ് കണക്കുകൾ. കഴിഞ്ഞ 48 മണിക്കൂറിനിടെ കുളു ജില്ലയിലെ ദോബിയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടന്ന 21 പേരെ സൈന്യം വിമാനം ഉപയോഗിച്ച് രക്ഷപ്പെടുത്തി.കാൻഗ്ര, ചമ്പ, കുളു, മണ്ഡി എന്നീ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഉത്തരാഖണ്ഡിലും മഴ സാരമായി ബാധിച്ചു. വെള്ളപ്പൊക്കം മൂലം ഡറാഡൂണിൽ 45 ഒാളം റോഡുകൾ തകർന്നതായി അധികൃതർ അറിയിച്ചു.