മയക്കുമരുന്ന്  കലർന്ന  ബിസ്ക്കറ്റ് നൽകി മലയാളി യാത്രക്കാരനെ ട്രെയിനിൽ കൊള്ളയടിച്ചു

ഗോവയിൽ എത്തുന്നതിന് മുമ്പ് തീവണ്ടിയിൽ വച്ച് ഹിന്ദിക്കാരനായ യാത്രക്കാരനെ പരിചയപ്പെട്ടു. ഇയാള്‍ അരുണിന് നൽകിയ ബിസ്‌ക്കറ്റ് കഴിച്ചതോടെ ബോധം നഷ്ടപെടുകയായിരുന്നു

0

പാലക്കാട് :തീവണ്ടിയില്‍ മലയാളി യാത്രക്കാരനെ മയക്ക് ബിസ്‌ക്കറ്റ് നല്‍കി സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു. മുംബൈയില്‍ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ച പാലക്കാട് അകത്തേത്തറ സ്വദേശി അരുണാണ് കൊള്ളയടിക്കപ്പെട്ടത്. അവശനിലയിൽ കണ്ടെത്തിയ അരുണിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏതാനും ദിവസം മുമ്പ് ജോലി തേടി മുംബൈയിലേക്ക് പോയതായിരുന്നു അരുണ്‍. ജോലി ശരിയാകാത്തതിനെ തുടര്‍ന്ന് ഹാപ്പാ എക്‌സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങും വഴിയാണ് കൊള്ളയ്ക്കിരയായത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് യാത്ര ചെയ്തിരുന്നത്. ഗോവയിൽ എത്തുന്നതിന് മുമ്പ് തീവണ്ടിയിൽ വച്ച് ഹിന്ദിക്കാരനായ യാത്രക്കാരനെ പരിചയപ്പെട്ടു. ഇയാള്‍ അരുണിന് നൽകിയ ബിസ്‌ക്കറ്റ് കഴിച്ചതോടെ ബോധം നഷ്ടപെടുകയായിരുന്നു.

രാവിലെ ഒമ്പത് മണിയോടെ ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ബോധം വീണ്ടു കിട്ടിയത്. അരുണ്‍ ആര്‍.പി.എഫിനെ വിവരമറിയിച്ചതിനെ തുടർന്ന് അവശനിലയിലായ യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിരലിലണിഞ്ഞിരുന്ന ഒന്നര പവന്‍ സ്വര്‍ണം, 2000 രൂപ, വാച്ച്, എ.ടി.എം കാര്‍ഡും മറ്റും അടങ്ങുന്ന പേഴ്‌സ് എന്നിവയാണ് കൊള്ളയടിക്കപ്പെട്ടത്. അരുണിന്റെ പരാതിയില്‍ ആര്‍.പി.എഫ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു

You might also like