കേന്ദ്രത്തോട് കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച

4796 കോടിയുടെ സഹായമാണ് നേരത്തെ കേരളം കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടത്. 40000 കോടിക്ക് മുകളില്‍ നാശനഷ്ടം കണക്കാക്കുന്ന സാഹചര്യത്തില്‍ പ്രത്യേക പാക്കേജിലൂടെ വിവിധ പദ്ധതികളുടെ രൂപത്തില്‍ കൂടുതല്‍ തുക നേടിയെടുക്കാനാണ് കേരളത്തിന്റെ ശ്രമം

0

ഡൽഹി :പ്രളയക്കെടുതി മറികടക്കാന്‍ കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പാക്കേജ് ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ നിവേദനം ഒരാഴ്ചക്കുള്ളില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. കേരളത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

4796 കോടിയുടെ സഹായമാണ് നേരത്തെ കേരളം കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടത്. 40000 കോടിക്ക് മുകളില്‍ നാശനഷ്ടം കണക്കാക്കുന്ന സാഹചര്യത്തില്‍ പ്രത്യേക പാക്കേജിലൂടെ വിവിധ പദ്ധതികളുടെ രൂപത്തില്‍ കൂടുതല്‍ തുക നേടിയെടുക്കാനാണ് കേരളത്തിന്റെ ശ്രമം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ നിവേദനം തയ്യാറാക്കി ഈ മാസം അവസാനത്തോടെ കേന്ദ്രത്തിന് സമര്‍പ്പിക്കും.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രളയമേഖലകള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടും ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരിന് കൈമാറും. ഇത് രണ്ടും പരിഗണിച്ചാകും കേരളത്തിനുള്ള കേന്ദ്രസഹായം. വൈകിട്ട് 5.30ക്കാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലെ കൂടിക്കാഴ്ച.

ഡല്‍ഹിക്ക് പുറപ്പെടും മുമ്പായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. പ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ പുനഃസ്ഥാപിച്ചുനല്‍കാന്‍ ഉപജീവന വികസന പാക്കേജ് തയ്യാറാക്കാന്‍ മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതിയില്‍ ജോബ് കാര്‍ഡുള്ളവര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.പുനരധിവാസവും പുനര്‍നിര്‍മ്മാണവും രണ്ടായി കാണണമെന്നും പുനരധിവാസം പൂര്‍ത്തിയാക്കിയ ശേഷമാണ് പുനര്‍നിര്‍മ്മാണത്തിലേക്ക് കടക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-