ഗുജറാത്ത് മുൻ ഡിജിപിക്കെതിരെ കടുത്ത ആരോപണവുമായി മറിയം റഷീദ അന്യയാതടവിൽ ശ്രീകുമാര്‍  ക്രൂരമായി പീഡിപ്പിച്ചു  

'കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യലിനിടെ രണ്ട് പേരുടെ ചിത്രങ്ങള്‍ കാട്ടി അറിയുമോ എന്ന് ചോദിച്ചു.. അറിയില്ല എന്ന് പറഞ്ഞപ്പോള്‍ അത് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, ഐജി രമണ്‍ ശ്രീവാസ്തവ എന്നിരാണെന്ന് തിരിച്ചറിയാനാണ് ആവശ്യപ്പെട്ടത്.

0

ചെന്നൈ : ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെതിരെ കടുത്ത ആരോപണങ്ങളുമായി ഐഎസ്ആര്‍ഓ ചാരക്കേസിലെ വിവാദ നായിക മറിയം റഷീദ. കേസുമായി ബന്ധപ്പെട്ട് താന്‍ കസ്റ്റഡിയിലിരുന്ന സമയത്ത് അന്ന് ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടറായിരുന്ന ശ്രീകുമാര്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് ഇവരുടെ ആരോപണം.

‘കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യലിനിടെ രണ്ട് പേരുടെ ചിത്രങ്ങള്‍ കാട്ടി അറിയുമോ എന്ന് ചോദിച്ചു.. അറിയില്ല എന്ന് പറഞ്ഞപ്പോള്‍ അത് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, ഐജി രമണ്‍ ശ്രീവാസ്തവ എന്നിരാണെന്ന് തിരിച്ചറിയാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം താന്‍ നിരസിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍  കസേര ഉയര്‍ത്തി എടുത്ത് ഇടതു കാലില്‍ ആഞ്ഞടിച്ചു. സംഭവം നടന്ന് 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അതേ ഉദ്യോഗസ്ഥനെ ടിവി സ്‌ക്രീനിലൂടെ വീണ്ടും കാണുന്നത്. ചാരക്കേസുമായി ബന്ധപ്പെട്ട ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അയാള്‍. അപ്പോഴാണ് അത് ശ്രീകുമാര്‍ ആണെന്ന് താന്‍ തിരിച്ചറിഞ്ഞത്’. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ മറിയം റഷീദ വ്യക്തമാക്കി.

ചാരക്കേസില്‍ നമ്പി നാരായണന് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച സുപ്രീം കോടതി, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറിയത്തിന്റെ ആരോപണങ്ങള്‍ എത്തുന്നത്.

‘മാസങ്ങളോളം താന്‍ ജയിലില്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്നു. നാല് വര്‍ഷമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. തന്നെപ്പോലെ മറ്റൊരാള്‍ക്കും ഇത്തരം ദുരിതങ്ങള്‍ ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വാങ്ങി നല്‍കാതെ വിടില്ല’ മറിയം പറയുന്നു. കേസില്‍ ആരോപണ വിധേയയായ ഫൗസിയ ഹസനും ആയും താനിപ്പോഴും ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇരുവരും ചേര്‍ന്ന് സുപ്രീം കോടതിയെയും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്തരാഷ്ട്ര ഫോറത്തിനെയും സമീപിക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ശ്രീകുമാര്‍, അന്വേഷണസംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, എസ് വിജയന്‍, തമ്പി ദുര്‍ഗാദത്ത് എന്നിവര്‍ക്കെതിരെയാകും പരാതി നല്‍കുക.

ആരോപണങ്ങളെ തള്ളി ശ്രീകുമാര്‍

അതേസമയം മറിയത്തിന്റെ ആരോപണങ്ങളെ തള്ളിയാണ് ശ്രീകുമാറിന്റെ പ്രതികരണം. അവരെ ചോദ്യം ചെയ്തിരുന്നുവെന്നും എന്നാല്‍ യാതൊരു വിധത്തിലുള്ള മൂന്നാം മുറകളും പ്രയോഗിച്ചിരുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിക്കെതിരെ താനെടുത്ത നിലപാടുകളോടുള്ള പ്രതികാരമാണിതെന്നും ശ്രീകുമാര്‍ പറയുന്നു. അഥവാ മറിയം ആരോപിക്കുന്നത് പോലെ താന്‍ അവരെ ഉപദ്രവിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് അത് അവര്‍ കോടതിയില്‍ പറഞ്ഞില്ലെന്ന ചോദ്യവും മുന്‍ ഡിജിപി ഉന്നയിക്കുന്നു.

എന്നാല്‍ കോടതി ഇതുമായി ബന്ധപ്പെട്ട് തന്നോട് ഒന്നും ചോദിച്ചിരുന്നില്ലെന്നും അന്ന് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് വ്യക്തത ഇല്ലായിരുന്നുവെന്നുമാണ് മറിയത്തിന്റെ മറുവാദം. മാത്രമല്ല തന്നെ ഉപദ്രവിച്ച ഉദ്യോഗസ്ഥന്‍ ആരെന്ന് അന്ന് അറിയില്ലായിരുന്നു പിന്നീട് ടെലിവിഷനില്‍ കണ്ടാണ് ആളെ തിരിച്ചറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി

You might also like

-