കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടും: മുഖ്യമന്ത്രി

പ്രത്യേക പദ്ധതികള്‍ നടപ്പാക്കാന്‍ നബാര്‍ഡിന്റെ സഹായവും തേടും. പശ്ചാത്തല സൗകര്യം, കൃഷി, ജലസേചനം, സാമൂഹ്യ മേഖല എന്നിവയിലെല്ലാം ദീര്‍ഘകാല പ്രത്യേക പദ്ധതിക്കായി സഹായം ചോദിക്കും.

0

തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്പോളത്തില്‍ നിന്ന് വായ്പ എടുക്കുന്നതിനുള്ള പരിധി ഉയര്‍ത്താനും കേന്ദ്രത്തോട് ആവശ്യപ്പെടും. ആഭ്യന്തരവരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ഇപ്പോള്‍ വായ്പ എടുക്കാന്‍ കഴിയുന്നത്. ഇത് 4.5 ശതമാനമായി ഉയര്‍ത്തുകയാണെങ്കില്‍ 10500 കോടി രൂപ അധികമായി കമ്പോളത്തില്‍ നിന്ന് സമാഹരിക്കാനാവും. പ്രളയദുരന്തത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും അനുയോജ്യമായ ബൃഹത്തായ പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക പദ്ധതികള്‍ നടപ്പാക്കാന്‍ നബാര്‍ഡിന്റെ സഹായവും തേടും. പശ്ചാത്തല സൗകര്യം, കൃഷി, ജലസേചനം, സാമൂഹ്യ മേഖല എന്നിവയിലെല്ലാം ദീര്‍ഘകാല പ്രത്യേക പദ്ധതിക്കായി സഹായം ചോദിക്കും. പുനരധിവാസവും പുനര്‍നിര്‍മാണവും ചര്‍ച്ച ചെയ്യുന്നതിന് ആഗസ്റ്റ് 30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ദുരിതബാധിതരായ ജനങ്ങളുടെ വായ്പയില്‍ മോറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ആശ്വാസം സഹകരണ, വാണിജ്യ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതേ സമയം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ സ്വീകരിച്ച നിലപാട് വിഷമകരമാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി തുക ചോദിക്കുന്ന അവസ്ഥയുണ്ട്. അത്തരം നീക്കം ഈ സാഹചര്യത്തില്‍ നടത്തരുത്. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്തുള്ള സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

You might also like

-