പുനരുദ്ധരിക്കലല്ല , നവ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യ o: മുഖ്യമന്ത്രി

തകര്‍ന്നത് പുനസൃഷ്ടിക്കലല്ല പുതിയ കേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി ബൃഹദ് പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും.

0

തിരുവനന്തപുരം:പ്രളയത്തിൽ തകര്‍ന്നടിഞ്ഞ കേരളത്തെ അതിനു മുമ്പുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല പുതിയൊരു കേരളത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.10ശതമാനം സെസ് ഏർപ്പെടുത്താനും സംസ്ഥാനം ശുപാർശ ചെയ്തു. ദുരിതാശ്വാസം, പുനരധിവാസം, പുനർനിർമ്മാണം എന്നിവ ചർച്ച ചെയ്യാൻ ഒാഗസ്റ്റ് 30ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വലിയ തോതില്‍ വിഭവ സമാഹരണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കമ്പോളത്തില്‍ നിന്ന് സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ(ജിഎസ്ഡിപി) മൂന്നുശതമാനമാണ് ഇപ്പോള്‍ വായ്പയെടുക്കാനുള്ള പരിധി. അത് നാലര ശതമാനമായി ഉയര്‍ത്താന്‍ ആവശ്യപ്പെടും. പരിധി ഈ തോതില്‍ ഉയര്‍ത്തിയാല്‍ നമുക്ക് 10,500 കോടി രൂപ അധികമായി കമ്പോളത്തില്‍നിന്ന് സമാഹരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പശ്ചാത്തല സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും കൃഷിയിലും ജലസേചനം ഉള്‍പ്പെടെയുള്ള അനുബന്ധമേഖലകളിലും സാമൂഹ്യമേഖലയിലും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് നബാര്‍ഡിനോട് ആവശ്യപ്പെടും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണം. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്ക് ഈ വര്‍ഷം 2,600 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.

ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ആഗസ്റ്റ് 30 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകള്‍ക്ക് ഇതിനകം തന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇത് ബാധകമാണ്. ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും. എന്നാല്‍, ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് വിഷമകരമാണ്. ചില ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി വായ്പാ കുടിശ്ശിക പിരിക്കാന്‍ ശ്രമിച്ച പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങളില്‍നിന്ന് അവര്‍ പിന്തിരിയണം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയിലുള്ള നിലപാട് സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

You might also like

-