മാക്കൂട്ടം ചുരത്തിൽ മൂന്നിടത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്നു
ഇതോടെ വലിയ വാഹനങ്ങൾ ചുരത്തിലൂടെ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിയിൽ പലയിടത്തും മരങ്ങൾ കടപുഴി വീണും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്
ഇരിട്ടി (കണ്ണൂർ): കനത്ത മഴയിൽ മാക്കൂട്ടം ചുരത്തില്‍ മൂന്നിടങ്ങളിൽ റോഡിന്‍റെ സംരക്ഷണഭിത്തി തകർന്നു. ഇതോടെ വലിയ വാഹനങ്ങൾ ചുരത്തിലൂടെ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിയിൽ പലയിടത്തും മരങ്ങൾ കടപുഴി വീണും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
ഇന്നു പുലർച്ചെ ക്രെയിന്‍ ഉപയോഗിച്ച് മാക്കൂട്ടം അമ്പുകടക്ക് സമീപത്തെ പാലത്തിനടിയില്‍ വന്നടിഞ്ഞ വന്‍ മരങ്ങള്‍ സൈന്യം നീക്കി. എന്നാലും വലിയ വാഹനങ്ങള്‍ക്കൊന്നും ഇതുവഴി സഞ്ചരിക്കാൻ കഴിയുന്ന സ്ഥിതിയില്ല. പാലത്തിന്റെ ഒരു ഭാഗവും ഇരുവശത്തെ സംരക്ഷണ ഭിത്തികളും തകര്‍ന്നിട്ടുണ്ട്. കൂടാതെ മൂന്ന് കിലോമീറ്ററോളം റോഡും പലയിടങ്ങളിലായി തകര്‍ന്നിട്ടുണ്ട്. ചുരത്തിലൂടെ യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴക്കെടുതിയെ തുടർന്ന് 17 കുടുംബങ്ങളിലെ 82 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവർക്ക് അധികൃതർ ഭക്ഷണം ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്. മേഖലയില്‍ കോടികളുടെ നാശനഷ്ടാണ് സംഭവിച്ചത്. കച്ചേരിക്കടവ്, മുടിക്കയ, പാറക്കാമല മേഖലയില്‍ ഉരുള്‍പൊട്ടലില്‍ അമ്പതോളം വീടുകളില്‍ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു. വൈദ്യുതി ബന്ധവും താറുമാറായി. പഞ്ചായത്തും റവന്യുവകുപ്പും ചേര്‍ന്ന് നഷ്ടത്തിന്റെ കണക്കെടുക്കുന്നുണ്ട്.
കുടക് മാക്കൂട്ടം വനത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ശരതിന്റെ സംസ്കാരം ഇന്ന് രാവിലെ പതിനൊന്നോടെ ചാവശേരി പൊതുശ്മശാനത്തില്‍ നടത്തി. ബുധനാഴ്ച രാത്രിയോടെ വീരാജ്പേട്ട താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം മാനന്തവാടി വഴി പേരട്ട കുണ്ടേരിയിലെ തറവാട്ട് വീട്ടിലെത്തിക്കുകയായിരുന്നു
ഗതാഗതനിയന്ത്രണം
മൈസൂർ അന്തർസംസ്ഥാന പാതയിൽ കർണാടക കുടക് ജില്ലയിലെ പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12 വരെ എല്ലാതരത്തിലുള്ള വാഹന ഗതാഗതവും നിരോധിച്ചതായി കുടക് ജില്ലാ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
ഈ കാലയളവിൽ കേരളത്തിൽനിന്ന് തലശ്ശേരി വഴി കുടകിലൂടെ മൈസൂരിലേക്ക് വരുന്ന വാഹനങ്ങൾക്ക് മാനന്തവാടി-തോൽപ്പട്ടി-കുട്ട-ഹുഡിക്കേരി-ഗോണികൊപ്പ-തിത്തിമത്തി-മൈസൂർ റൂട്ട് ഉപയോഗിക്കാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കി. കനത്ത മഴയിൽ 25ഓളം കേന്ദ്രങ്ങളിൽ മണ്ണിടിഞ്ഞും നൂറോളം മരങ്ങൾ കടപുഴകിയും പെരുമ്പാടി-മാക്കൂട്ടം റോഡ് പാടേ തകർന്നിരിക്കുകയാണ്. ഇതിലൂടെ ഒരു തരത്തിലുള്ള വാഹനഗതാഗവും സാധ്യമല്ലാത്തതിനാൽ റോഡ് അറ്റകുറ്റപ്പണിക്കായാണ് കുടക് ജില്ലാഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ നാലഞ്ച് ദിവസമായി കുടക് ജില്ലയിൽ കനത്ത മഴയാണ് ലഭിച്ചത്.