സംസ്ഥാനത്ത് തീവ്ര മഴ മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട് ഇടുക്കിയിൽ വൻനാശം

ഈ മാസം 10 വരെയാണ് തീവ്ര മഴക്കുള്ള മുന്നറിയിപ്പ്. മലപ്പുറത്താണ് ഇന്ന് റെഡ് അലർട്ട്. നാളെ ഇടുക്കിയിലും ഞായറാഴ്ച വയനാട്ടിലും റെഡ് അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.

0

തിരുവനതപുരം : കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക. മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട് . അപകട മേഖലകളില്‍ ആരും തങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു .

ഈ മാസം 10 വരെയാണ് തീവ്ര മഴക്കുള്ള മുന്നറിയിപ്പ്. മലപ്പുറത്താണ് ഇന്ന് റെഡ് അലർട്ട്. നാളെ ഇടുക്കിയിലും ഞായറാഴ്ച വയനാട്ടിലും റെഡ് അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്താം തിയതി വരെ കടൽ പ്രക്ഷുബ്ധമാകും. കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണെന്നും ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റണമെന്നും അദേഹം നിർദ്ദേശിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

പശ്ചിമഘട്ട മലനിരകളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാൽ വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
വയനാട് ജില്ലയെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ഉൾപ്പെടുത്തി കേന്ദ്രജലക്കമ്മീഷൻ മുന്നറിയിപ്പ് പുറത്തിറക്കി. വയനാടിന് പുറമേ കർണാടകത്തിലെ ഉത്തര കർണാടക, ദക്ഷിണ കർണാടക, കുടക്, ശിവമൊഗ്ഗ ജില്ലകളും തെക്കേ ഇന്ത്യയിൽ വെള്ളപ്പൊക്കബാധിത മേഖലയാണ്. മഴ മാറുന്നത് വരെ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് ജല കമ്മീഷൻ അറിയിച്ചു.

കോഴിക്കോട് കോടഞ്ചേരിയില്‍ ചാലിപ്പുഴ വീണ്ടും കരകവിഞ്ഞ് ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിലെ 29 കുടുംബങ്ങളെ ചെമ്പുകടവ് യു പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നൂറിലധികം ആളുകളെയാണ് സ്‌കൂളിലേക്ക് മാറ്റിയത്. മലവെള്ളപ്പാച്ചിലില്‍ പുതുപ്പാടി-കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നു. താല്‍ക്കാലികമായി നിര്‍മിച്ച പാലമാണ് ഭാഗികമായി തകര്‍ന്നത്.
ഇടുക്കിയിൽ രാത്രിമഴ വിതച്ചത് വൻനാശം. ഇന്നലെ രാത്രി മാത്രം ഇടുക്കിയിൽ നാലിടത്താണ് ഉരുൾപൊട്ടിയത്. പീരുമേട്ടിൽ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരാൾ മരിച്ചു. നല്ലതണ്ണി സ്വദേശി മാർട്ടിനെയാണ് കാണാതായത്. അനീഷ് എന്നയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഇടുക്കി ജില്ലയിൽ ഇപ്പോഴും വ്യാപകമായി കനത്ത മഴയാണ് പെയ്യുന്നത്.മഴ കനത്തതിനെത്തുടന്ന് ഇടുക്കി പൊന്മുടി ഡാമിന്റെ രണ്ടു ഷട്ടർ തുറന്നു പെരിയാറിൽ ജലനിരപ്പ് ഉയർന്നു

പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെയുള്ള അപകടസാധ്യതാമേഖലയിലെ ആളുകളെയെല്ലാം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.മലയോര മേഖലയിൽ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഇടുക്കി ജില്ലയിൽ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ നെടുങ്കണ്ടം കല്ലാർ ഡാമും തുറന്നു. മേലേചിന്നാർ, തൂവൽ, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. 800 ക്യുമെക്സ് വീതം വെള്ളം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊൻമുടി ഡാമിന്‍റെ മൂന്നു ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിക്ക് 30 സെന്‍റീമീറ്റർ വീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നു വിടുമെന്നും, പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

എറണാകുളത്ത് രണ്ടിടങ്ങളിലായി ഇന്നലെ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഇന്നലെ രണ്ടിടങ്ങളിലായി വള്ളം മറിഞ്ഞ് രണ്ട് പേരാണ് മരിച്ചത്. നായരമ്പലം സ്വദേശി സന്തോഷ് വൈപ്പിൻ സ്വദേശി അഗസ്റ്റിൻ എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്. കൊവിഡ് രൂക്ഷമായ ചെല്ലാനം ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടലാക്രമണത്തിൽ വീടുകൾ തകർന്നു.

പത്തനംതിട്ടയിൽ ഓഗസ്റ്റ് പത്താം തീയതി വരെ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു. മഞ്ഞ അലർട്ടിന്‍റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ ഒഴിവാക്കാനാണ് നടപടി. ജില്ലയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഞ്ഞ അലർട്ടാണ് പത്തനംതിട്ട മണിയാർ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും 50 സെന്‍റിമീറ്റർ ഉയർത്തി. കക്കട്ടാറിൽ ഒരു മീറ്റർ വരെയും പമ്പയാറിൽ 80 സെന്‍റീമീറ്റർ വരെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മൂഴിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 30 സെന്‍റീമീറ്ററാണ് ഉയർത്തിയത്. 51.36 ക്യൂമെക്സ് നിരക്കിൽ കക്കാട് ആറിലേക്ക് ജലം ഒഴുക്കി വിടും. അണക്കെട്ടിൽ ജലനിരപ്പ് 192.63 മീറ്ററായി.

You might also like

-