ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ലൈംഗികപീഡനം: കന്യാസ്ത്രീ മാധ്യമങ്ങളെ കാണില്ല
പരാതി ഉന്നയിച്ച കന്യാസ്ത്രീയടക്കം നാലുപേര്‍ ഇപ്പോള്‍ ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണില്ല.
പിസി ജോര്‍ജിന്റെ അപകീര്‍ത്തികരമായ പരാമര്‍ശത്തെ തുടര്‍ന്നാണ് കന്യാസ്ത്രീ പിന്മാറിയത്. പിസി ജോര്‍ജ്ജിന്റെ അധിക്ഷേപത്തിനെതിരെ കന്യാസ്ത്രീയുടെ കുടുംബം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കും.
കന്യാസ്ത്രീ പറയുന്നത് 13 തവണ താന്‍ പിഡിപ്പിക്കപ്പെട്ടുവെന്നാണെന്നും പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നുവെന്നായിരുന്നു പിസി ജോര്‍ജ്ജ് അധിക്ഷേപിച്ചത്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രീ അല്ലെന്നും അവര്‍ക്ക് ഇനി തിരുവസ്ത്രം അണിയാന്‍ യോഗ്യത ഇല്ലെന്നുമാണ് പൂഞ്ഞാര്‍ എംഎല്‍എ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇന്നു മുതൽ സത്യഗ്രഹസമരം തുടങ്ങിയിരിക്കുകയാണ്. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം. ഇതിനിടെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു.ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇതിനിടെ കൂടുതുല്‍ മൊഴികള്‍ പുറത്തു വന്നിരുന്നു. തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്‍റെ മോശം പെരുമാറ്റം മൂലമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ബിഷപ്പിനെതിരെ മഠത്തിലെ കന്യാസ്ത്രീകളില്‍ നിന്ന് മൊഴികളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, പരാതി ഉന്നയിച്ച കന്യാസ്ത്രീയടക്കം നാലുപേര്‍ ഇപ്പോള്‍ ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
ലൈംഗിക ചുവയോടെ പെരുമാറിയിരുന്നു. പലപ്പോഴും മോശം പെരുമാറ്റം ബിഷപ്പില്‍ നിന്നുണ്ടായിരുന്നുവെന്നുമാണ് മൊഴി. സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും മനംമടുത്താണ് തിരവസ്ത്രം ഉപേക്ഷിച്ചതെന്നുമാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ നാല് പേര്‍ ഒഴികെ ലൈംഗിക ചുവയോടെ ബിഷപ്പ് ഒരിക്കലും പെരുമാറിയിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
കന്യാസ്ത്രീകള്‍ പരസ്യമായി രംഗത്തുവന്നിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് ഗൗരവതരം: വിഎസ്
പീഡന പരാതി ലഭിച്ചിട്ടും, ജലന്ധര്‍ ബിഷപ്പിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ നീതിക്കു വേണ്ടി സഭയിലെ കന്യാസ്ത്രീകള്‍ക്ക് പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങേണ്ടിവന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
സഭാംഗങ്ങള്‍ക്കിടക്കുള്ള ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ സഭ തന്നെ കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ നീതിന്യായ സംവിധാനത്തിന് നിരക്കുന്നതല്ല. അതോടൊപ്പം, ഉന്നത സ്ഥാനത്തിരിക്കുന്ന, സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടര മാസമായി എല്ലാ അന്വേഷണ സംവിധാനങ്ങള്‍ക്കും മേലെ സ്വതന്ത്രനായി വിഹരിക്കുന്നത് എന്നതിനാല്‍ ഇരകള്‍ അനുഭവിക്കുന്നത് വലിയ സമ്മര്‍ദ്ദമാണ്. നമ്മുടെ അന്വേഷണ സംവിധാനങ്ങളിലേക്കും ഈ സമ്മര്‍ദ്ദം ചെന്നെത്തുന്നു എന്ന ധാരണ പരക്കാനിടയാക്കുംവിധം പ്രതിയുടെ അറസ്റ്റും ചോദ്യം ചെയ്യലും അനന്തമായി നീണ്ടുപോവുകയാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലീസ് ഇനിയും കാലതാമസം വരുത്തിക്കൂടെന്നും വിഎസ് പറഞ്ഞു
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ ദുരൂഹത: എഐവൈഎഫ്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥ ദുരൂഹമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പീഡനം സംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടും അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. സ്ത്രീ സംരക്ഷണത്തിന് മുഖ്യപരിഗണന നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലിരിക്കുമ്പോള്‍ സ്ത്രീപീഡകര്‍ക്ക് സ്വൈരവിഹാരം നടത്താന്‍ അവസരമൊരുക്കുന്നത് നാണക്കേടാണ്.
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പീഡനത്തിനിരയായ സ്ത്രീയുടെ ബന്ധുക്കള്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടിയാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇരയുടെ പരാതിയും മൊഴിയും വിശ്വാസത്തിലെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിന് പകരം പ്രത്യക്ഷപ്പെടാനുള്ള അവസരമൊരുക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയുടെ ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിനോട് എഐവൈഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.