ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ ജീവനോടെ കുഴുച്ചുമൂടിയതായി പോസ്റ്റുമോർട്ട റിപ്പോർട്ട്

മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബുവിന്റെ മൊഴി

0

തൃശൂർ| ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ.തൃശൂർ പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി.കേസിൽ അമ്മയും പ്രതിയാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമിക്കയിരുന്നു . അമ്മയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് പ്രതി കെ ജെ സാബു പൊലീസിന് മൊഴി നൽകിയിരുന്നു. ആശുപത്രിയിലുള്ള അമ്മ പത്മാവതിയുടെ അറസ്റ്റ് ഡിസ്ചാർജ് ആയ ശേഷം രേഖപ്പെടുത്തും.

ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ജീവനോടെ കുഴിച്ച് മൂടിയാൽ മാത്രമേ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിധ്യമുണ്ടാകൂ. ആ സ്ഥിതിക്ക് ജീവനോടെയാകാം ബാബുവിനെ സാബു കുഴിച്ച് മൂടിയതെന്നാണ് നിഗമനം. തലയിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്.മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബുവിന്റെ മൊഴി. എന്നാൽ കഴുത്ത് ഞെരിച്ചപ്പോൾ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരൻ സാബു കുഴിച്ച് മൂടിയതാകാമെന്നുമാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

ഈ മാസം 19ന് അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. ശേഷം മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ടു ദിവസം മുമ്പ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

You might also like