കോടതി കനിഞ്ഞു നല്‍കിയ ആയുസ്സ് പൂര്‍ത്തീകരിക്കാനാവാതെ പെയ്ടണ്‍ വിടവാങ്ങി

0

ഫോര്‍ട്ട്വര്‍ത്ത് : മസ്തിഷ്ക്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ഒന്‍പതു വയസ്സുകാരി പെയ്ടണിന്റെ ഹൃദയമിടിപ്പ് നിലച്ചു.മകളുടെ മരണം സ്ഥിരീകരിച്ചതായി മാതാപിതാക്കളും ഫാമിലി അറ്റോര്‍ണിയും പറഞ്ഞു. ഒക്ടോബര്‍ 22 നാണ് കേസ്സ് വാദം കേള്‍ക്കുന്നതിനും തുടര്‍ നടപടിക്കുമായി കോടതി തീരുമാനിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്നു സെപ്റ്റംബര്‍ 25 നാണു പെയ്ടണെ ഫോര്‍ട്ട് വര്‍ത്തി കുക്ക്‌സ് ചില്‍ഡ്രന്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനയ്ക്കു ശേഷം കുട്ടിയുടെ ഹൃദയമിടിപ്പു നിലച്ചതായും മസ്തിഷ്ക്കമരണം സംഭവിച്ചതായും ഡോക്ടര്‍മാര്‍ വിധിയെഴുതി. വീട്ടുക്കാരുടെ അഭ്യര്‍ഥനമാനിച്ച് ഒക്ടോബര്‍ ഒന്നുവരെ ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മകള്‍ ജീവിതത്തിലേക്കു മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ ഒക്ടോബര്‍ ഒന്നിനു കുടുംബം കോടതിയെ സമീപിച്ച് ഒരാഴ്ചകൂടി ലൈഫ് സപ്പോര്‍ട്ടില്‍ തുടരുന്നതിനുള്ള വിധി നേടി. ഒരാഴ്ചയ്ക്കു ശേഷവും ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതിരുന്നതിനാല്‍ വീണ്ടും കോടതിയെ സമീപിച്ചു. മറ്റൊരു ആശുപത്രി കണ്ടുപിടിക്കുന്നതുവരെ ലൈഫ് സപ്പോര്‍ട്ടില്‍ തുടരാനനുവദിക്കണമെന്നആവശ്യവും അംഗീകരിച്ച കോടതി ഒക്ടോബര്‍ 22 വരെ സമയം അനുവദിക്കുകയായിരുന്നു. എന്നാല്‍ 19നു രാത്രി പെയ്ടണ്‍ വിടവാങ്ങി.

ചെറുപ്പത്തില്‍ തന്നെ കാന്‍സറിനെ അതിജീവിച്ച പെയ്ടണിന്റെ ഹൃദയത്തോടനുബന്ധിച്ചു വളര്‍ന്ന ട്യൂമര്‍ ഹൃദയത്തേയും ശ്വാസകോശത്തെയും നാഡീവ്യൂഹത്തെയും തകര്‍ത്തതാണ് ഹൃദയാഘാതത്തിനു കാരണമായത്.

You might also like