ആശങ്കകൾക്ക് താത്കാലിക വിരാമം പമ്പ ഡാമിന്റെ ഷട്ടറുകൾ അടച്ചു.
പമ്പ ത്രിവേണിയിൽ ഒരടിയും പെരിനാട് രണ്ട് അടിയും വെള്ളം ഉയർന്നപ്പോൾ കണമല, കുറുമ്പൻമൂഴി, വടശേരിക്കര തുടങ്ങിയ മേഖലകളിൽ കാര്യമായ പ്രശ്നങ്ങളില്ല.
പത്തനംതിട്ട: ആശങ്കകൾക്ക് താത്കാലിക വിരാമമിട്ട് പമ്പ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഷട്ടറുകൾ അടച്ചത്.ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞതോടെയാണ് ഡാമിന്റെ ഷട്ടറുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു.ഞായറാഴ്ച ഉച്ചയോടെയാണ് പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ആറ് ഷട്ടറുകളും തുറന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയുടെ വിവിധ മേഖലകളായ റാന്നി, കോലഞ്ചേരി, തിരുവല്ല പ്രദേശങ്ങളിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചിരുന്നു.
പമ്പാ ഡാം തുറന്നതിനാൽ 2018ലെ പ്രളയ ഭീതിയിലായിരുന്നു പത്തനംതിട്ട. എന്നാൽ പമ്പ നദിയില്‍ കാര്യമായ രീതിയിൽ ജലനിരപ്പ് ഉയര്‍ന്നില്ല. അതേസമയം ഇന്നലെ രാത്രിയിലും ശക്തമായി പെയ്ത മഴ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പമ്പ ത്രിവേണിയിൽ ഒരടിയും പെരിനാട് രണ്ട് അടിയും വെള്ളം ഉയർന്നപ്പോൾ കണമല, കുറുമ്പൻമൂഴി, വടശേരിക്കര തുടങ്ങിയ മേഖലകളിൽ കാര്യമായ പ്രശ്നങ്ങളില്ല.
എന്നാൽ ആറൻമുളയിലും തിരുവല്ലയിലും എപ്പോൾ വേണമെങ്കിലും വെള്ളം കയറാമെന്ന സാഹചര്യമുണ്ട്. പരമാവധി സംഭരണ ശേഷിയിൽ എത്തുമ്പോൾ ഡാം തുറന്ന് വിടുന്നത് അപകടമുണ്ടാക്കാന്‍ ഇടയുളളതിനാലാണ് ജലനിരപ്പ് 984.5 മീറ്റിൽ എത്തിയപ്പോൾ ഡാം തുറന്നത്. മുൻകരുതലിന്‍റെ അടിസ്ഥാനത്തിൻ എൻഡിആർഎഫ് ടീമും വളളങ്ങളുമായി മൽസ്യത്തൊഴിലാളികളും ജില്ലയുടെ വിവിധ ഇടങ്ങളിൽ ക്യാംപ് ചെയ്യുന്നുണ്ട്.
മണിമല നദിയുടെ കല്ലൂപ്പാറ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള റിവർ ഗേജ് 8.03 മീറ്ററിലേക്ക് ഉയർന്നു. നദിയ്ക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 1015 കുടുംബങ്ങളില്‍ നിന്നായി മൊത്തം 3342 പേരെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.