പാലക്കാട് സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു; കൊലയാളി സംഘത്തിൽ ആറുപേർ :3 പ്രതികൾ കസ്റ്റഡിയിൽ

പാലക്കാട് കൊട്ടേക്കാട് കുന്നങ്കാട് സ്വദേശി ഷാജഹാന്‍(40) ആണ് കൊല്ലപ്പെട്ടത്.

0

പാലക്കാട്: പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊട്ടേക്കാട് കുന്നങ്കാട് സ്വദേശി ഷാജഹാന്‍(40) ആണ് കൊല്ലപ്പെട്ടത്. സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍.

ഞായറാഴ്ച രാത്രി 9.30-ന് കുന്നങ്കാട് ഷാജഹാന്റെ വീടിനടുത്തുള്ള കടയ്ക്ക് പരിസരത്താണ് സംഭവം. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്നും സി.പി.എമ്മിലെ വിഭാഗീയതയാണ് കൊലപാതകത്തിന് കാരണമെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു.

6 പേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഇതില്‍ 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഘത്തിൽ നേരത്തേ കൊലപാതകക്കേസിൽ ശിക്ഷിയ്ക്കപ്പെട്ടവരും ഉണ്ടെന്നാണ് വിവരം. മരുതറോഡ് പഞ്ചായത്തില്‍, തിങ്കളാഴ്ച ഷാജഹാന്റെ സംസ്‌കാരം കഴിയുന്നതുവരെ, ഹര്‍ത്താലിന് സി.പി.എം. ആഹ്വാനം ചെയ്തു.

രാഷ്ട്രീയകൊലപാതകമാണോ ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഷാജഹാന്റേത് ആസൂത്രിത കൊലപാതകമാണെന്ന് സിപിഎം നേതാവ് എകെ ബാലന്‍ പ്രതികരിച്ചു. കൊട്ടേക്കാട് കുന്നങ്കാട് സാഹിബ് കുട്ടിയുടെ മകനാണ് ഷാജഹാന്‍.

You might also like

-