പാലായിൽ ആർ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയെന്ന് പി ജെ ജോസഫ്

യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ സ്ഥാനാർത്ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നാണ് ജോസഫ് വിഭാഹം പറയുന്നത് .

0

കോട്ടയം: പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തള്ളി പി ജെ ജോസഫ്. യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ സ്ഥാനാർത്ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നാണ് ജോസഫ് വിഭാഹം പറയുന്നത് . ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളാ കോൺഗ്രസിലെ തർക്കം അതിരൂക്ഷമായി. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ നീക്കം. എന്നാൽ അത്തരം വാർത്തകൾ തള്ളിയ പി ജെ ജോസഫ് തീരുമാനമെടുക്കുന്നത് താനായിരിക്കുമെന്ന് പ്രഖ്യാപിച്ചു.

സീറ്റിൽ അവകാശവാദം ഉന്നയിച്ച് പാർട്ടിയെ ഒന്നടങ്കം തനിക്കൊപ്പം കൊണ്ടുവരുക എന്നതാകും ജോസഫിന്റെ ലക്ഷ്യം. ചെയർമാന്‍ സ്ഥാനം സംബന്ധിച്ച് കട്ടപ്പന കോടതിയുടെ വിധിയും പിന്നീടുള്ള ജോസഫിന്റെ നീക്കങ്ങളില്‍ നിർണായകമാകും.ജയസാധ്യതയുള്ള സ്ഥാനാർത്ഥി ആകും പാലായിൽ ഉണ്ടാകുക. അതിനായി ചിത്രം ഇനിയും തെളിയേണ്ടതുണ്ട് എന്നാണ് ജോസഫിന്റെ നിലപാട്. പിന്നിൽ ലക്ഷ്യങ്ങൾ പലതുണ്ട്സ്ഥാനാർഥി നിഷ ജോസ് കെ മാണിയെ ആണ് മറുവിഭാഗം മുന്നോട്ടു വെയ്ക്കുന്നതെങ്കിലും ജോസഫിന്റെ എതിർപ്പ് ആദ്യ ഘട്ടത്തിൽ ഒതുങ്ങും. പകരം കേരള കോൺഗ്രസ്‌ എം പാർട്ടിയെ തനിക്കൊപ്പം എത്തിക്കണം എന്ന നിരുപാധിക ആവശ്യമാകും പി.ജെ ഉന്നയിക്കുക. ഇതിനായി യു.ഡി.എഫ് നേതാക്കളുടെ പിന്തുണ ഒന്നടങ്കം നേടുന്നതിന് പി.ജെ ശ്രമങ്ങൾ തുടരും. കട്ടപ്പന മുനിസിഫ് കോടതിയുടെ നാളത്തെ വിധി അനുകൂലമാകും എന്നതാണ് ജോസഫിന്റെ കണക്കുകൂട്ടൽ. അങ്ങനെ എങ്കിൽ ജോസഫിന്റെ നീക്കങ്ങൾക്ക് ആക്കം കൂടും.

ഇരുപക്ഷവും കടുത്ത നിലപാട് സ്വീകരിച്ചതോടെ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. പരസ്‍പരം പോരടിച്ച് സിറ്റിംഗ് സീറ്റ് കളഞ്ഞുകുളിക്കരുതെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അടക്കം യുഡിഎഫ് ജോസ് പക്ഷത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിൽ പി ജെ ജോസഫ് പക്ഷത്തിന് അമർഷമുണ്ട്.

ഇരുപക്ഷവും സീറ്റിന് അവകാശവാദം ഉന്നയിക്കുമ്പോള്‍ സമവായ ഫോർമുല എന്താകണമെന്ന പ്രശ്നം യുഡിഎഫിലും വലുതാവുകയാണ്. മറുവശത്ത് പാലാ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി തള്ളി. കഴിഞ്ഞ തവണ മാണിയോട് 4703 വോട്ടിന് പോരാടി തോറ്റ മാണി സി കാപ്പൻ തന്നെ മത്സരിക്കാനാണ് സാധ്യത. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ബിജെപിയും ചർച്ച തുടങ്ങി. ജില്ലാ പ്രസിഡന്‍റ് എൻ ഹരിയുടെ പേര് സജീവ പരിഗണനയിലുണ്ട്. അതേസമയം എൻഡിഎ ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന് പി സി തോമസും വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-