പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം പി കെ ശശിക്കെതിരെ വീണ്ടും പരാതി

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ പി കെ ശശി നടത്തിയ സാമ്പത്തിക ക്രമക്കേടുകളാണ് പരാതിയില്‍ പ്രധാനമായും പറയുന്നത്. മണ്ണാര്‍ക്കാട്ടെ റൂറല്‍ ബാങ്ക്, കുമരംപുത്തൂര്‍ ബാങ്ക്, ഹൗസിംഗ് സൊസൈറ്റി ഉള്‍പ്പടെ സിപിഎം നിയന്ത്രണത്തിലുളള ബാങ്കുകളില്‍ ലക്ഷകണക്കിന് രൂപ കൈപറ്റിയാണ് പി കെ ശശി നിയമനം നടത്തുന്നത്. പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാതെയാണ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയിലും റൂറല്‍ ബാങ്കിലും പി കെ ശശിയുടെ ബന്ധുക്കളെ നിയമിച്ചത്

0

പാലക്കാട് | സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ വീണ്ടും പാര്‍ട്ടിക്കകത്ത് പടയൊരുക്കം. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടത്തി പി കെ ശശി ലക്ഷകണക്കിന് രൂപ കൈവശപ്പെടുത്തുന്നതായി മണ്ണാര്‍ക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മൻസൂർ കെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി. അഴിമതി ചോദ്യം ചെയ്യുന്നവരെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കുന്ന നടപടിയാണ് പി കെ ശശിയുടേതെന്നും സിപിഎം സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി നല്‍കി രണ്ട് മാസമായിട്ടും ഇതുവരെ ഒരു നടപടിയും എടുക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് ജില്ലയിലെ ഒരു വിഭാഗം സിപിഎം നേതാക്കള്‍. എന്നാല്‍ ആരോപണം പി കെ ശശി നിഷേധിച്ചു.

കഴിഞ്ഞ ജൂണിലാണ് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ മൻസൂർ കെ, പി കെ ശശിക്കെതിരെ സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ പി കെ ശശി നടത്തിയ സാമ്പത്തിക ക്രമക്കേടുകളാണ് പരാതിയില്‍ പ്രധാനമായും പറയുന്നത്. മണ്ണാര്‍ക്കാട്ടെ റൂറല്‍ ബാങ്ക്, കുമരംപുത്തൂര്‍ ബാങ്ക്, ഹൗസിംഗ് സൊസൈറ്റി ഉള്‍പ്പടെ സിപിഎം നിയന്ത്രണത്തിലുളള ബാങ്കുകളില്‍ ലക്ഷകണക്കിന് രൂപ കൈപറ്റിയാണ് പി കെ ശശി നിയമനം നടത്തുന്നത്. പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാതെയാണ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയിലും റൂറല്‍ ബാങ്കിലും പി കെ ശശിയുടെ ബന്ധുക്കളെ നിയമിച്ചത്. പി കെ ശശി അധ്യക്ഷനായ മണ്ണാര്‍ക്കാട്ടെ സ്വാശ്രയ കോളേജിന് വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് കോടി കണക്കിന് രൂപ ഓഹരിയായി പിരിച്ചെടുത്തു എന്നും ആരോപണമുണ്ട്.

മണ്ണാര്‍ക്കാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് യൂണിവേഴ്സല്‍ ആര്‍ട്സ് ആൻഡ് സയൻസ് കോളേജിന്‍റെ പ്രവര്‍ത്തനം. കോളേജ് 5,45,53638 രൂപയുടെ നഷ്ടം നേരിടുന്നതായി 2020-21ലെ സഹകരണ ഓഡിറ്റ് വ്യക്തമാക്കുന്നു. ഈ സ്ഥാപനത്തിലേക്കാണ് സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5,49,39000 രൂപ ഓഹരിയായി ശേഖരിച്ചത്. കുമരംപുത്തൂര്‍ സൊസൈറ്റിയില്‍ നിന്നും മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കില്‍ നിന്നും 1 കോടി രൂപ വീതം എടുത്തു. അലനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 50 ലക്ഷം രൂപയാണ് എടുത്തത്. മണ്ണാര്‍ക്കാട് എംപ്ലോയീസ് സൊസൈറ്റി 60 ലക്ഷം രൂപയും എയ്‍ഡഡ് സ്കൂള്‍ സൊസൈറ്റി 50 ലക്ഷം രൂപയും എടുത്തു. ലാഭവിഹിതം കിട്ടാതെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഈ സ്ഥാപനങ്ങള്‍ നേരിടുന്നതെന്നും പരാതിയില്‍ പറയുന്നത്.

You might also like