ശശി തരൂരിന് ശക്തമായ താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ “വിഭാഗീയ പറ്റില്ല “

"സമാന്തരപ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നു എന്ന രീതിയിലാണ് മാധ്യമങ്ങളിൽ വരുന്നത്. സമൂഹ മാധ്യമങ്ങളിൽ വേറെ പ്രചാരണങ്ങളും. കേരളത്തിലെ കോൺഗ്രസിനെ തകർക്കാനുള്ള, ദുർബലമാക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നിൽ. ഇത്തരത്തിലുള്ള നീക്കം ആര് നടത്തിയാലും അതിന് സമ്മതിക്കില്ല

0

തിരുവനന്തപുരം | ശശി തരൂരിന് ശക്തമായ താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടിയിൽ സമാന്തരപ്രവർത്തനം ഒരു തരത്തിലും അനുവദിക്കാൻ കഴിയില്ല. എല്ലാവരോടും സംസാരിക്കും. തെറ്റായ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിൽ നിന്ന് പിന്മാറാനുള്ള അവസരം കൊടുക്കും. എന്നിട്ടും അതുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അത് വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് വി.ഡി. സതീശൻ  പറഞ്ഞു.

“സമാന്തരപ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നു എന്ന രീതിയിലാണ് മാധ്യമങ്ങളിൽ വരുന്നത്. സമൂഹ മാധ്യമങ്ങളിൽ വേറെ പ്രചാരണങ്ങളും. കേരളത്തിലെ കോൺഗ്രസിനെ തകർക്കാനുള്ള, ദുർബലമാക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നിൽ. ഇത്തരത്തിലുള്ള നീക്കം ആര് നടത്തിയാലും അതിന് സമ്മതിക്കില്ല. കോൺഗ്രസിൽ നിന്നുകൊണ്ട് സമാന്തരപ്രവർത്തനവും വിഭാഗീയ പ്രവർത്തനവും ഒരുകാരണവശാലും പറ്റില്ല. ഞങ്ങൾ നേതൃസ്ഥാനത്ത് ഇരിക്കുന്ന കാലത്തോളം കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളേയും നിർത്തേണ്ടിടത്ത് നിർത്തും”‘ വീ.ഡി. സതീശൻ കൂട്ടിച്ചേർത്തു.

മാധ്യമങ്ങളാണോ ഈ നീക്കത്തിന് പിന്നിൽ, അതല്ലെങ്കിൽ എം.കെ. രാഘവൻ എം.പിയെ പോലെയുള്ള മലബാറിലെ നേതാക്കൾ ശശി തരൂരിനെ മുന്നിൽ നിർത്തിക്കൊണ്ടാണോ ഇത് ചെയ്യുന്നത് എന്ന ചോദ്യത്തിന്, ‘മാധ്യമങ്ങൾക്ക് ഇതിന് പിന്നിൽ നല്ല പങ്കുണ്ട്. കോൺഗ്രസിനകത്ത് ആർക്കെങ്കിൽ ഇതിൽ പങ്കുണ്ടെങ്കിൽ ​ഗൗരവമായി അതിനെ കൈകാര്യം ചെയ്യും. അതാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സി.പി.എമ്മിനെ പോലെ എല്ലാവരേയും പുറത്താക്കുന്ന പാർട്ടിയല്ല. എല്ലാവരോടു പറയും, സംസാരിക്കും, തെറ്റായ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിൽ നിന്ന് പിന്മാറാനുള്ള അവസരം കൊടുക്കും. എന്നിട്ടും അതുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അത് വെച്ചു പൊറുപ്പിക്കാനാകില്ല’, സതീശന്‍ പറഞ്ഞു.

ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിൽ വ്യക്തിപരമായി കോൺഗ്രസിന് ഗുണമാണോ എന്ന ചോദ്യത്തിന്, ‘എല്ലാ കോൺഗ്രസ് നേതാക്കന്മാർക്കും അവരവരുടേതായ സ്ഥാനം കോൺഗ്രസിനകത്ത് ഉണ്ടാകും. ഒരു സംശയവും വേണ്ട, അതിൽ ഒന്നും ആരും കൈകടത്തില്ല. ഒരു സംഘടനയാണ്, വ്യവസ്ഥാപിതമായ മാർഗങ്ങളിൽ കൂടെ ആ സംഘടനയുമായി ബന്ധപ്പെട്ട് സംഘടനയെ ശക്തിപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കണം. തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നാഴ്ചയായി സമരങ്ങൾ നടത്തുകയാണ്. നിരവധി പേരെ ജയിലലടച്ചിരിക്കുകയാണ്. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന് 240-ലേറെ കേസുകളാണ് ഉള്ളത്. തകർച്ചയിൽ നിന്നും യു.ഡി.എഫും കോൺഗ്രസും ഉയർന്നു വരുമ്പോൾ അതിനെ തകർക്കാൻ പല അജണ്ടകളുംഉണ്ടാകും. എല്ലാം നേരിടും’, അദ്ദേഹം പറഞ്ഞു.

‘സംഘടനാ കാര്യങ്ങളിൽ കെ.പി.സി.സി. പ്രസിഡന്റാണ് തീരുമാനമെടുക്കുന്നത്. അത് എല്ലാവരോടും ആലോചിച്ചിട്ടാണ് എടുക്കുന്നത്. പറയാൻ അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളൊന്നും മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളല്ല. സൂചിവെച്ചു കുത്തിയാൽ പൊട്ടിപ്പോകുന്നവരല്ല ഞങ്ങളാരും’, പ്രതിപക്ഷ നേതാവ് പറഞ്ഞു.തങ്ങളെയൊക്കെ ആരെങ്കിലും പരിപാടിക്ക് വിളിച്ചാൽ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടാൻ പറയുമെന്നും ബാക്കി തീരുമാനങ്ങൾ ജില്ലാ കമ്മിറ്റിയാണ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശി തരൂരിന്റെ മലബാറിലെ പരിപാടികള്‍ സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട്, ഒരാളും ഇടപെട്ടിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഗവർണർ പ്രതിപക്ഷമായി മാറുന്നു എന്ന കെ മുരളീധരന്റെ പരാമർശത്തിൽ ‘അദ്ദേഹം പറഞ്ഞതിനൊന്നും മറുപടി പറയേണ്ട ആളല്ല ഞാൻ. ഗവർണർ പ്രതിപക്ഷമല്ല. ഗവർണറും സർക്കാരും ഒരുമിച്ചാണ്. അവർ കൊടുക്കൽ വാങ്ങൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

You might also like

-