ഓൺലൈൻ ക്ലാസ്: അധ്യാപകരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു; കർശന നടപടിയെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

അധ്യാപികമാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പേജുകൾ സൃഷ്ടിക്കുകയും അശ്ലീല ചുവയുള്ള കമന്റുകളും പ്രയോഗങ്ങളും ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

0


തിരുവനന്തപുരം: ചാനലുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ക്ലാസെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വിഡിയോകളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരം ചില സാമൂഹ്യ വിരുദ്ധരുടെ നടപടികൾ സൈബർ വിങ്ങിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

”ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം.
കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകളിലും മറ്റും ക്ലാസ്സുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്ലാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.”- കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകി.

അധ്യാപികമാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പേജുകൾ സൃഷ്ടിക്കുകയും അശ്ലീല ചുവയുള്ള കമന്റുകളും പ്രയോഗങ്ങളും ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

You might also like

-