‘ഒരു സ്ത്രീ തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടു. എന്നിട്ടും പൊലീസ് എന്തുകൊണ്ടാണ് അത് നിഷേധിക്കുന്നത്’ രാഹുൽ
ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ബിബിസി പ്രസിദ്ധീകരിച്ച ഒരു ലേഖനം പങ്കുവച്ചു കൊണ്ടാണ് പ്രതികരണം
ഡൽഹി: ബി ജെ പി സർക്കാർ രാജ്യത്തെ ദളിതരെയും മുസ്ലീങ്ങളെയും ആദിവാസി വിഭാഗക്കാരെയും പലരും ഇപ്പോഴും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ ഒരു സത്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതക സംഭവത്തിൽ യുപി സർക്കാരിനെ കടന്നാക്രമിച്ചു കൊണ്ട് ട്വിറ്ററിലൂടെയാണ് രാഹുലിന്‍റെ പ്രതികരണം. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ബിബിസി പ്രസിദ്ധീകരിച്ച ഒരു ലേഖനം പങ്കുവച്ചു കൊണ്ടാണ് പ്രതികരണം.
‘ഒരു സ്ത്രീ തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടു. എന്നിട്ടും പൊലീസ് എന്തുകൊണ്ടാണ് അത് നിഷേധിക്കുന്നത്’ എന്ന തലക്കെട്ടോടെ പൊലീസ് നടപടികളിലെ വീഴ്ചകളെ സംബന്ധിക്കുന്ന ലേഖനമായിരുന്നു ഇത്. “ദളിതുകളെയും മുസ്ലീങ്ങളെയും ആദിവാസി വിഭാഗങ്ങളെയും മനുഷ്യരായി പോലും ധാരാളം ഇന്ത്യക്കാർ പരിഗണിക്കുന്നില്ല എന്നത് ലജ്ജാകരമായ സത്യം തന്നെയാണ്. ആരും ബലാത്സംഗം ചെയ്യപ്പെട്ടില്ല എന്നാണ് മുഖ്യമന്ത്രിയും പൊലീസുകാരും പറയുന്നത്. കാരണം അവരെയും മറ്റ് ധാരാളം ഇന്ത്യക്കാരെയും സംബന്ധിച്ച് അവൾ ആരുമല്ലായിരുന്നു”. എന്നാണ് ലേഖനം പങ്കുവച്ച് രാഹുൽ ട്വീറ്റ് ചെയ്തത്.