മരണ വാറണ്ടിന് സ്റ്റേ നിര്‍ഭയ പ്രതികളെ നാളെ തൂക്കിലേറ്റുകയില്ല

ഒരു കേസിലെ പ്രതികളെ ഒരേ ദിവസം തൂക്കിലേറ്റണമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ്, മരണവാറണ്ട് കോടതി സ്റ്റേ ചെയ്തത്.

0

ഡൽഹി :നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാകില്ല നിലവിലുള്ള മരണവാറണ്ട് ഡല്‍ഹി പട്യാല ഹൌസ് കോടതി സ്റ്റേ ചെയ്തു. അടുത്ത മരണവാറണ്ട് പുറപ്പെടുവിക്കും വരെയാണ് സ്റ്റേ അനുവദിച്ചിട്ടുള്ളത് . നാളെ രാവിലെ ആറുമണിക്ക് തൂക്കിലേറ്റ നാണ് നിര്‍ഭയ കേസിലെ പ്രതികളുടെ നേരത്തെയുള്ള മരണവാറണ്ട്. ഈ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ പാട്യാല കോടതിയെ സമീപിക്കുകയായിരുന്നു എന്നാൽ പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നതിനാല്‍ ഈ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതികള്‍ പാട്യാല കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്.

ഒരാളുടെ ദയാഹര്‍ജി മാത്രമാണ് പരിഗണനയിലുള്ളതെന്നും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ മറ്റ് മൂന്ന് പേരെ തൂക്കിലേറ്റുന്നതില്‍ തടസമില്ലെന്നുമായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളി. ഒരു കേസിലെ പ്രതികളെ ഒരേ ദിവസം തൂക്കിലേറ്റണമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ്, മരണവാറണ്ട് കോടതി സ്റ്റേ ചെയ്തത്.നാളെ വധശിക്ഷ നടപ്പാകാനിരിക്കെ രണ്ടു ദിവസം മുമ്പാണ് കേസിലെ പ്രതിയായ വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. ഇതില്‍ തീരുമാനമാകത്തതുകൊണ്ടാണ് ഇപ്പോള്‍ പാട്യാല ഹൌസ് കോടതി മരണ വാറണ്ട് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അപ്പീലുകളോ അപേക്ഷകളോ നിലവില്ലാത്തതിനാല്‍ വധശിക്ഷയുമായി ബന്ധപ്പെട്ട മറ്റ് മൂന്നുപേരുടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതാണ്.

നിർഭയ കേസ് പ്രതികളെ ജനുവരി 22 ന് രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റുമെന്നാണ് ആദ്യം കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ജനുവരി ഏഴിനായിരുന്നു നിർഭയ കേസിൽ ആദ്യത്തെ മരണ വാറണ്ട് പുറത്തുവന്നത്. എന്നാൽ ഇതിനു പിന്നാലെ തന്നെ പ്രതികളിലൊരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി നൽകി. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയ്ക്കനുസരിച്ച് രാഷ്ട്രപതി ദയാഹർജി തള്ളുകയായിരുന്നു.ദയാഹര്‍ജി നിലനില്‍ക്കെ വധശിക്ഷ നടപ്പാക്കാനാകില്ലെന്നാണ് നിയമം. ഇത് ചൂണ്ടിക്കാട്ടി ഡൽഹി പട്യാല ഹൗസ് കോടതി ജയില്‍ അധികൃതരോട് പുതിയ തീയതി അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ദയാഹര്‍ജി തള്ളിയതിനു ശേഷം രണ്ടാഴ്ചത്തെ സമയം നല്‍കണമെന്ന സുപ്രീം കോടതി വിധി ഉള്ളതിനാല്‍ ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്നാണ് അന്ന് തിഹാർ ജയിൽ അധികൃതരും കോടതിയെ അറിയിച്ചത്.

ഇതിന് പിന്നാലെയാണ് നാല് പ്രതികളെയും ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാൻ രണ്ടാമതും മരണ വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 17നായിരുന്നു ഈ വാറണ്ട് പുറപ്പെടുവിച്ചത്. ഇതനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടന്ന് വരവെയാണ് രണ്ടാമതൊരു പ്രതി കൂടി ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്. രാഷ്ട്രപതി എന്ത് തീരുമാനം കൈകൊണ്ടാലും നിയമപ്രകാരം 14 ദിവസത്തെ സമയപരിധി കൂടി പ്രതികൾക്ക് ലഭിച്ചേക്കും.ജയിൽ ചട്ടങ്ങൾ അനുസരിച്ച്, ഒരേ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാല് പ്രതികളിലാരെയും അവസാനത്തെ അപേക്ഷ ഉൾപ്പെടെ എല്ലാ നിയമപരമായ അവസരങ്ങളും വിനിയോഗിക്കുന്നതിനു മുമ്പ് തൂക്കിലേറ്റാനാവില്ല. ദയാഹർജിക്കുള്ള അപേക്ഷ രാഷ്ട്രപതി നിരസിച്ച് 14 ദിവസം വരെ കുറ്റവാളികളെ തൂക്കിക്കൊല്ലാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ മാർഗനിർദേശവും അനുശാസിക്കുന്നുണ്ട്.

You might also like

-