കരിഞ്ചോല ഉരുൾപൊട്ടൽതിരച്ചിൽ തുടരുന്നു : ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം 13
കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമലയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. നേരത്തെ മരിച്ച ഹസന്റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി അബ്ദുറഹിമാന്റെ ഭാര്യ നഫീസയെ കൂടി കണ്ടെത്താനുണ്ട്.നഫീസയ്ക്കായി തെരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്തനിവാരണസേന, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചുള്ള തെരച്ചിലാണ് തുടരുന്നത്.
വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാൻ (60), കരിഞ്ചോല ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൽ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), മകൾ ജന്നത്ത് (17), അബ്ദുറഹിമാന്റെ മകൻ ജാഫറി (35) എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ചയും കരിഞ്ചോല നുസ്റത്തിന്റെ മകൾ 11 മാസം പ്രായമായ റിസ്വ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും കണ്ടെടുത്തിരുന്നു.
ശനിയാഴ്ച കരിഞ്ചോല ഹസന്റെ മകൾ നുസ്രത്ത് (26), നുസ്രത്തിന്റെ മകൾ റിൻഷ മെഹറിൻ (നാല്), മുഹമ്മദ് റാഫിയുടെ ഭാര്യ ഷംന (25), മകൾ നിയ ഫാത്തിമ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്