പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവിലേക്ക് ?യുദ്ധം അവസാനിപ്പിച്ചെന്ന് അമേരിക്കയും ഇറാനും
അമേരിക്കയുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച റെയില്‍പാതകളും അന്തര്‍ദേശീയ ഗതാഗത ഇടനാഴികളും ഉള്‍പ്പെടെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും നിര്‍ദേശം നല്‍കിയിരുന്നു.
തെഹ്‌റാന്‍| പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവിലേക്കെന്ന് സൂചന. ഇന്നലെയും ഇറാന് നേരെ അമേരിക്കന്‍ ആക്രമണമുണ്ടായില്ല. അമേരിക്ക ആക്രമണം അവസാനിപ്പിച്ച സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം തങ്ങളും അവസാനിപ്പിക്കുന്നതായി ഇറാന്‍ സൈനിക വക്താവ് മുഹമ്മദ് അക്രമീനിയ ഞായറാഴ്ച അറിയിച്ചു.
ജൂണ്‍ 17ന് പ്രാബല്യത്തില്‍ വന്ന സമാധാന കരാര്‍ ലംഘിച്ചായിരുന്നു തുടര്‍ച്ചയായ 13 ദിവസം ഇറാന് നേരെ അമേരിക്ക ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാനും പ്രത്യാക്രമണം നടത്തിയിരുന്നു. അതേസമയം സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങള്‍ തീര്‍ന്നു തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. യുഎസിന്റെ കൈവശം ആവശ്യത്തിലധികം ആയുധ ശേഖരമുണ്ടെന്ന് അദ്ദേഹം ആഭ്യന്തര മാധ്യമങ്ങളോട് പറഞ്ഞു. സമാധാന കരാര്‍ ലംഘിക്കപ്പെട്ട പശ്ചാത്തലത്തില്‍, മധ്യസ്ഥര്‍ വഴി തെഹ്റാനും വാഷിംഗ്ടണും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഘായി പറഞ്ഞു.
ഇന്നലെ ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു എണ്ണക്കപ്പല്‍ നാവിക മൈനില്‍ ഇടിച്ച് സ്‌ഫോടനമുണ്ടായിരുന്നു. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ നിര്‍ദേശിച്ച പാതയില്‍ നിന്ന് മാറി സഞ്ചരിച്ചതിനെ തുടര്‍ന്നാണ് എണ്ണക്കപ്പല്‍ നാവിക മൈനില്‍ ഇടിച്ച് സ്‌ഫോടനമുണ്ടായതെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇറാന്‍ അധികൃതരുമായി ഏകോപനം നടത്താതെയാണ് കപ്പല്‍ സഞ്ചരിച്ചതെന്നും, ഇറാന്‍ സായുധസേന നിര്‍ദേശിച്ച മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ ഇറാന്‍ പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയതായാണ് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച റെയില്‍പാതകളും അന്തര്‍ദേശീയ ഗതാഗത ഇടനാഴികളും ഉള്‍പ്പെടെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും നിര്‍ദേശം നല്‍കിയിരുന്നു. അയല്‍രാജ്യങ്ങളുമായുള്ള റെയില്‍ ബന്ധം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം തന്ത്രപ്രധാനമാണെന്നും പെസഷ്‌കിയാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇറാന്‍ നയത്തില്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്‌നും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്ത് വന്നു. ഇറാനെതിരായ സൈനിക നടപടികള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള സാധ്യത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരിഗണിക്കുന്നതിനിടെയാണ് ഇരുവരും വിയോജിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നതിനെക്കുറിച്ച് ജെ ഡി വാന്‍സും ഡാന്‍ കെയ്‌നും ആശങ്ക പ്രകടിപ്പിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നാലെയാണ് ഇറാനെതിരെയുള്ള ആക്രമണത്തിന് വിരാമമായിരിക്കുന്നത്.