വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം.
യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി 14 ഇന വെടിനിർത്തൽ കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര ഇന്ധന വിപണിയെയും കപ്പൽ ഗതാഗതത്തെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.
ദുബായ്: വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം. യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി 14 ഇന വെടിനിർത്തൽ കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര ഇന്ധന വിപണിയെയും കപ്പൽ ഗതാഗതത്തെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. പേർഷ്യൻ ഗൾഫിന്റെ ഇടുങ്ങിയ പ്രവേശന കവാടത്തിലൂടെ നീങ്ങുകയായിരുന്ന രണ്ട് കപ്പലുകൾക്ക് നേരെ ആദ്യം ആക്രമണമുണ്ടാവുകയും, അതിന് പിന്നാലെ മൂന്നാമതൊരു ടാങ്കറിന് നേരെക്കൂടി പ്രൊജക്റ്റൈൽ ആക്രമണം ഉണ്ടായതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു.
അജ്ഞാത അൺക്രൂഡ് ഏരിയൽ വെഹിക്കിൾ അഥവാ ഡ്രോൺ ആണ് മൂന്നാമത്തെ ടാങ്കറിൽ ഇടിച്ചതെന്നാണ് യുകെഎംടിഒ വ്യക്തമാക്കുന്നത്. ആക്രമണത്തിൽ കപ്പലിന് ചെറിയ തോതിൽ ഘടനാപരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമോ പരിസ്ഥിതി ആഘാതമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പൽ അതിന്റെ അടുത്ത തുറമുഖത്തേക്ക് യാത്ര തുടരുകയാണ്. ഒമാൻ തീരത്തുവെച്ച് ആക്രമിക്കപ്പെട്ട ആദ്യത്തെ ടാങ്കറുകളിൽ ഒന്നിന് തീപിടിച്ചിരുന്നു. കടലിടുക്കിൽ നിന്ന് തെക്കോട്ട് ഒമാൻ ഉൾക്കടലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ കപ്പലിന്റെ പോർട്ട് സൈഡിൽ പ്രൊജക്റ്റൈൽ പതിച്ചത്. രണ്ടാമത്തെ ടാങ്കറിനും ഘടനാപരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
ഖത്തറിന്റെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ടാങ്കറായ അൽ റെക്കയ്യാത്ത് കടലിടുക്കിൽ വെച്ച് ആക്രമിക്കപ്പെട്ടത് അന്താരാഷ്ട്ര നാവിക ഗതാഗതത്തിനും ആഗോള ഊർജ്ജ സുരക്ഷയ്ക്കും നേരെയുള്ള അസ്വീകാര്യമായ കടന്നുകയറ്റമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജെദ് അൽ അൻസാരി പ്രതികരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും, ആക്രമണത്തിന്റെ പൂർണ്ണമായ നിയമപരമായ ഉത്തരവാദിത്തം ഇറാന് മാത്രമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് ടാങ്കറിന് നേരെ ആക്രമണം ഉണ്ടായതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വ്യക്തമാക്കിയെങ്കിലും, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ നേരിട്ട് ഏറ്റെടുത്തിട്ടില്ല.