ഇടതുപക്ഷത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടിയേരി;

ചില മാധ്യമങ്ങള്‍ യുഡിഎഫിന്റെ ഘടക കക്ഷികളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്.

0

തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂരിലുണ്ടായത് ചരിത്ര വിജയമാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചില മാധ്യമങ്ങള്‍ യുഡിഎഫിന്റെ ഘടക കക്ഷികളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനെയെല്ലാം നേരിട്ടുകൊണ്ട് എല്‍ഡിഎഫിന് വമ്പിച്ച വിജയം നേടാന്‍ കഴിഞ്ഞുവെന്നും കോടിയേരി പറഞ്ഞു.

ഈ വിജയം എല്‍ഡിഎഫിന്റേത് മാത്രമല്ല. അത് കൂട്ടായ വിജയമാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം ബിജെപിയുടെ മുന്നേറ്റം തടയാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് രിച്ച കര്‍ണാടകയില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ സാധിച്ചില്ല. ഇത് കൃത്യമായ സന്ദേശമാണെന്നും കോടിയേരി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇപ്പോള്‍ യുഡിഎഫിലാണുള്ളത്. കെഎം മാണിയെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് യാതൊരു വിധത്തിലുമുള്ള ചര്‍ച്ചകളും ഇപ്പോഴില്ല. എല്‍ഡിഎഫിന്റെ അടിത്തറ വികസിപ്പിക്കും. എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫ് വിട്ടുപോയവര്‍ നിലപാട് തിരുത്താന്‍ തയ്യാറകണമെന്ന് എല്‍ഡിഎഫ് പലതവണ ആവശ്യപ്പെട്ടിരുന്നു. ജനതാദള്‍ യു നിലപാട് തിരുത്തി. എന്നാല്‍ ആര്‍എസ്പി ഇപ്പോഴും യുഡിഎഫിന്റെ ഭാഗമായി തുടരുന്നു. അതിന്റെ ഫലമായി നിയമസഭയില്‍ അവര്‍ക്ക് സീറ്റില്ലാതായി. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊളളാന്‍ അവര്‍ തയ്യാറായിട്ടില്ല.

സിപിഐയുമായി ഏതെങ്കിലും വിധത്തിലുള്ള ഭിന്നതയില്ല. ദൃഢമായ ബന്ധമാണ് അവരുമായുള്ളത്. അഭിപ്രായം പ്രകടിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. കോടിയേരി പറഞ്ഞു.എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് കുറയുന്നതായി കാണാം. അതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുടെ വോട്ട് കുറഞ്ഞു. ചെങ്ങന്നൂരിലും ഇത് കണ്ടു. ബിജെപിയെ പ്രതിരോധിക്കുന്നതിന് ഫലപ്രദമായി ഇടപെടാന്‍ ഇടതുഭരണം സഹായകമായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസിനെതിരെ ഉയര്‍ന്നുവരുന്ന പരാതികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗൗരവമായി ഇടപെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ സത്വര നടപടികള്‍ സ്വീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും കോടിയേരി വിശദീകരിച്ചു.മന്ത്രിസഭാ പുനഃസംഘടന അജണ്ടയില്‍ ഇല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആ പശ്ചാത്തലത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പുനസംഘടന ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

-