കൊലയാളിക്കൊപ്പം നേതാവും ..ഗൗരി ലങ്കേഷ് കൊലയാളിക്കൊപ്പം ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്; ചിത്രം പുറത്ത്
ബംഗളുരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്കു തീവ്ര വലതുപക്ഷ സംഘടനയായ ശ്രീരാമസേനയുമായുള്ള ബന്ധത്തിനു കൂടുതൽ തെളിവുകൾ പുറത്ത്. ശ്രീരാമസേനയുടെ തലവൻ പ്രമോദ് മുത്തലിക് കേസിൽ അറസ്റ്റിലായ പരശുറാം വാഗ്മറെയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഉത്തര കർണാടകയിലെ ബിജാപൂരിൽനിന്ന് അറസ്റ്റിലായ വാഗ്മറെയാണ് ഗൗരി ലങ്കേഷിനു നേരെ വെടിയുതിർത്തതെന്നാണ് അന്വേഷണസംഘം കരുതുന്നത്. കേസിൽ വാഗ്മറെ ഗൂഡാലോചന നടത്തിയതായി പോലീസ് പറഞ്ഞു. അന്വേഷണത്തെ ബാധിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും പ്രത്യേക പോലീസ് സംഘം അറിയിച്ചു. ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ അറസ്റ്റിലാ കുന്ന ആറാമത്തെയാളാണ് പരശുറാം വാഗ്മറെ.
മറ്റൊരു പ്രതിക്കൊപ്പം മുത്തലിക് നിൽക്കുന്ന ചിത്രവും കഴിഞ്ഞ ദിവസം പുറത്തായിരുന്നു. എന്നാൽ ഇയാളുമായി ബന്ധമില്ലെന്ന നിലപാടിലാണ് മുത്തലിക്. 2009ൽ മംഗളുരുവിൽ പബ്ബിൽ യുവതീയുവാക്കളെ മർദിച്ചു കുപ്രസിദ്ധി നേടിയ ആളാണ് മുത്തലിക്.
ഹിന്ദു യുവ സേന നേതാവ് കെ.ടി. നവീൻകുമാർ, അമോൽ കാലെ, മനോഹർ ഇഡ്വെ, സുജീത്കുമാർ, അമിത് ദേഗ്വെകർ എന്നിവരാണു ഗൗരി ലങ്കേഷ് വധക്കേസിൽ ഇതുവരെ അറസ്റ്റിലായത്. കാലെയും ദേഗ്വെകറും മഹാരാഷ്ട്രക്കാരാണ്. മറ്റു മൂന്നു പേരും കർണാടക സ്വദേശികളാണ്. നവീൻകുമാറാണ് ആദ്യം അറസ്റ്റിലായത്