ഭൂ നിയമ ഭേദഗതി ബില്ലിൽ ഭരണഘടന ലംഘനമുണ്ടെങ്കിൽ പരിശോധിക്കും – ഗവർണർ

കഴിഞ്ഞ 6 പതിറ്റാണ്ടായി സാമൂഹ്യ ജീവിതത്തിന് ആവശ്യമായതും, സർക്കാരിന്റെ എല്ലാ വകുപ്പുകളിൽ നിന്നും അനുമതി വാങ്ങി, എല്ലാ നികുതികളും അടച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങൾ ആറു പതിറ്റാണ്ടായി ഉപയോഗിക്കാതിരുന്ന ഒരു ചട്ടം ഉപയോഗപ്പെടുത്തി നിയമവിരുദ്ധമാക്കിയത് ആസൂത്രിതമായ ഗൂഢാലോചനയാണ് . നിലവിൽ ഉണ്ടായിരുന്ന നിയമത്തിൽ 1964ലെ നാലാം ചട്ടം, വീട് വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും എന്നുള്ളിടത്ത് മറ്റ് ആവശ്യങ്ങൾക്കും എന്ന് ഭേദഗതി ചെയ്ത് ലളിതമായും ജനോപകാരപ്രദമായും ഈ പ്രശ്നം പരിഹരിക്കാമെന്നിരിക്കെ നിർമ്മിതികൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ശേഷം വലിയതോതിൽ പിഴ ഈടാക്കി ഓരോന്നായി ക്രമവൽക്കരിക്കുന്നതിനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്

0

തിരുവനന്തപുരം|ഭൂ നിയമ ഭേദഗതി ബില്ലിൽ ഭരണഘടനാ ലംഘനം ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉറപ്പു നൽകിയതായി ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കൾ പറഞ്ഞു. ഭൂ നിയമഭേദഗതിയിലെ ആശങ്ക അറിയിക്കാൻ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കളുമായി രാജഭവനിൽ നടന്ന ചർച്ചയിലാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ മൂന്നിലൊന്ന് ഭൂ ഉടമകളെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ ധനസമ്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ ഗവർണറെ ധരിപ്പിച്ചു. അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകി.
ഭരണഘടനയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവേചനങ്ങളാണ് ഈ ബില്ലിൽ ചൂണ്ടിക്കാണിക്കാനുള്ളത്. കേരളത്തിലെ ആകെ ഭൂ ഉടമകളിൽ മൂന്നിലൊന്ന് ആളുകൾക്ക് 1960ലെ നിയമമനുസരിച്ച് ആണ് പട്ടയം നൽകിയിട്ടുള്ളത്. മറ്റ് നിയമങ്ങൾ ഉപയോഗിച്ച് നൽകപ്പെട്ട ഭൂ രേഖകൾക്ക് എല്ലാ അവകാശങ്ങളും അനുവദിക്കുമ്പോൾ L A പട്ടയ ഉടമകളുടെ മാത്രം ഭൂ വിനിയോഗം നിയന്ത്രിക്കുന്നത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് ഇടയാക്കുന്നതും സാമൂഹ്യനീതിയുടെ നിഷേധവുമാണ്.

കഴിഞ്ഞ 6 പതിറ്റാണ്ടായി സാമൂഹ്യ ജീവിതത്തിന് ആവശ്യമായതും, സർക്കാരിന്റെ എല്ലാ വകുപ്പുകളിൽ നിന്നും അനുമതി വാങ്ങി, എല്ലാ നികുതികളും അടച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങൾ ആറു പതിറ്റാണ്ടായി ഉപയോഗിക്കാതിരുന്ന ഒരു ചട്ടം ഉപയോഗപ്പെടുത്തി നിയമവിരുദ്ധമാക്കിയത് ആസൂത്രിതമായ ഗൂഢാലോചനയാണ് .
നിലവിൽ ഉണ്ടായിരുന്ന നിയമത്തിൽ 1964ലെ നാലാം ചട്ടം, വീട് വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും എന്നുള്ളിടത്ത് മറ്റ് ആവശ്യങ്ങൾക്കും എന്ന് ഭേദഗതി ചെയ്ത് ലളിതമായും ജനോപകാരപ്രദമായും ഈ പ്രശ്നം പരിഹരിക്കാമെന്നിരിക്കെ നിർമ്മിതികൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ശേഷം വലിയതോതിൽ പിഴ ഈടാക്കി ഓരോന്നായി ക്രമവൽക്കരിക്കുന്നതിനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ ഇത് വലിയ അഴിമതിക്ക് ഇടയാക്കും. സർക്കാരിന്റെ അനുമതി വാങ്ങി നാളിതുവരെ നിർമ്മിച്ചിട്ടുള്ള എല്ലാ നിർമ്മിതികളും പണം ഇടാക്കാതെ ഒരുമിച്ച് ക്രമവൽക്കരിച്ചു കൊടുക്കുകയാണു ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്.
അതുപോലെ തന്നെ 1960ലെ നിയമമനുസരിച്ച് പതിച്ചുകിട്ടിയ ഭൂമിയിൽ കേരളത്തിലെ മറ്റ് നിയമങ്ങളഅനുസരിച്ചു പതിച്ചു നൽകിയ ഭൂമികളിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതുപോലെ കെട്ടിട നിർമ്മാണ ച ട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് എല്ലാ നിർമ്മിതികൾക്കും അനുമതി കിട്ടുന്ന തരത്തിൽ ചട്ട ഭേദഗതി ഉണ്ടാവുകയാണ് വേണ്ടത്. ഗവൺമെന്റിന് ബോധ്യപ്പെടുന്ന പക്ഷം നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി അനുമതി നൽകുമെന്നാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഭേദഗതിയിൽ പറഞ്ഞിട്ടുള്ളത്. ഇതെല്ലാം ഇന്ത്യൻ പൗരന് ഭരണഘടന നൽകുന്ന 14,19,21,300 A വകുപ്പുകളുടെ നഗ്നമായ ലംഘനമാണ്.
അഞ്ച് പതിറ്റാണ്ട് മുമ്പ് പട്ടയം ലഭിക്കാൻ അർഹതയുള്ള ഒന്നരലക്ഷം കുടിയേറ്റ കർഷകരാണ് സർക്കാർ അനാസ്ഥ മൂലം തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കാതെ ഇപ്പോഴും കാത്തിരിക്കുന്നത്. ഇപ്പോൾ ഉണ്ടാക്കിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ അർഹതപ്പെട്ട അത്തരം കർഷകർക്ക് നിലവിലുള്ള നിയമത്തിൽ പറയുന്ന ആനുകൂല്യം പോലും നിഷേധിക്കപ്പെടും എന്നത് മറ്റൊരു വിവേചനമാണ്.
ഈ നിയമം കൊണ്ടുവരാൻ ഇടയായ സാഹചര്യം സർക്കാർ വിശദീകരിക്കുന്നത് മുതൽ ഒട്ടേറെ പിഴവുകൾ ഉണ്ടായിട്ടുണ്ട്. ആരെങ്കിലും സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ട് എങ്കിൽ അതിന്റെ പരിഹാരത്തിനാണ് ഇ ഭേദഗതി എന്നും കോടതി വിധിക്ക് അനുസൃതമായാണ് ഈ നിയമം ഭേദഗതി ചെയ്യുന്നത് എന്നും സർക്കാർ വിശദീകരണ കുറുപ്പിൽ പറയുന്നു. എന്നാൽ ഭൂമി കയ്യേറ്റം നിയന്ത്രിക്കുന്നതിനും നടപടികൾ എടുക്കുന്നതിനും കേരളത്തിൽ നിലവിൽ ഭൂ സംരക്ഷണ നിയമവും ചട്ടവും ഉണ്ട്. എന്നാൽ ഈ നിയമവും ചട്ടവും ഉപയോഗിച്ച് കയ്യേറ്റക്കാരെ ഒഴിപ്പിക്കുവാനും ഭൂമി പിടിച്ചെടുക്കുവാനും സർക്കാർ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
നിയമം ഭേദഗതി ചെയ്യുന്നതിന് ആവശ്യപ്പെട്ടുകൊണ്ടുള്ള യാതൊരു കോടതി വിധിയും നിലവിലില്ലാത്തതാണ് എന്ന യാഥാർത്ഥ്യവും ഗവർണറെ ധരിപ്പിച്ചു.
ഇടുക്കി ജില്ലയിൽ മാത്രമായി വിവേചനപരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം സംസ്ഥാന വ്യാപകമായി ചട്ടം ഭേദഗതി ചെയ്യണമെന്നാണ് കോടതി നിർദേശിച്ചത്. അതിനുപകരം വർഷങ്ങളായി പട്ടയം കിട്ടി നിയമപരമായ എല്ലാ അനുമതിയോടെയും നിർമ്മാണങ്ങൾ നടത്തി ഉപയോഗിച്ചുവരുന്ന സംസ്ഥാനത്ത് ആകെയുള്ള കെട്ടിട ഉടമകളെയും ഭൂ ഉടമകളെയും നിയമ വിരുദ്ധരാക്കുകയാണ് ഈ പുതിയ ബില്ലിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. തന്നെയുമല്ല ഭൂമി കയ്യേറ്റം ആരോപിക്കപ്പെടുന്ന മൂന്നാർ പ്രദേശത്ത് 1960 ലെ പട്ടയ നിയമമല്ല,1971-ലെ KDH ആക്റ്റും 1977- ലെ ചട്ടങ്ങളും ആണ് നിലവിലുള്ളത് എന്നതും ശ്രദ്ധേയമാണ്.
നിലവിൽ ഉണ്ടായിരുന്ന നിയമത്തിന്റെ സെക്ഷൻ 3, ഭൂമി പതിച്ചു കൊടുക്കുന്നതിന് ഉപാധിയോടയോ ഉപാധിയില്ലാതെയോ ഉള്ള അധികാരം സർക്കാരിന് നൽകുന്നുണ്ട്. അത് നിലനിൽക്കെയാണ്‌ പട്ടയം നൽകുമ്പോൾ നൽകേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് മാത്രം വിശദീകരിക്കുന്ന നാലാം വകുപ്പിൽ 4(a) എന്ന വകുപ്പ് കൂട്ടിച്ചേർക്കുകയും
1,2 എന്നീ ഭേദഗതികൾ കൊണ്ടുവരുകയും ചെയ്തിരിക്കുന്നത് . ഇത് നിയമത്തിലെ വകുപ്പുകൾ തമ്മിലുള്ള ആശയകുഴപ്പം വർദ്ധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.
പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന ഒന്നരലക്ഷം ഭൂ ഉടമകൾക്കും ഈ നിയമം വിനയായി തീരുന്നതാണ്. ഇതുതന്നെയാണ്
ആയതിനാൽ ഭരണഘടന വിരുദ്ധവും ജനങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്നതും വൻ അഴിമതിക്ക് കളമൊരുക്കുന്നതും കേരളത്തിലെ ഭൂവിനിയോഗത്തിൽ സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നതുമായ ഭൂ നിയമ ഭേദഗതി അങ്ങയുടെ അധികാരം ഉപയോഗിച്ച് കുറ്റമറ്റതാക്കുന്നതിനും അല്ലാത്തപക്ഷം നിലവിലുള്ള നിയമത്തിലെ ചട്ടം മാത്രം ഭേദഗതി ചെയ്തുകൊണ്ട് പ്രശ്നം പരിഹരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കൾ ഗവർണറോട് അഭ്യർത്ഥിച്ചു.
ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കളായ റസാക്ക് ചുരവേലി, പ്രൊഫസർ ജോസ് കുട്ടി ഒഴുകിയിൽ, വി ബി രാജൻ, പി എം ബേബി എന്നിവരാണ് ഗവർണറെ രാജഭവനിൽ കണ്ടു ചർച്ചയിൽ പങ്കെടുത്തത്.

You might also like

-