കർണാടക സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സംഗമo

0

 

*സമീപകാലത്തൊന്നും ഇത്രയും പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് പൊതുവേദിയില്‍ അണിനിരന്നിട്ടില്ല. അതിനാല്‍ ഇന്നത്തെ സംഗമത്തിന് വലിയ രാഷ്ട്രീയ അര്‍ത്ഥങ്ങളാണ് കല്‍പിക്കപ്പെടുന്നത്.

*അതേസമയം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് കല്ലുകടിയായി. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാന്‍ മടിച്ച കെസിആര്‍ ഇന്നലെ രാത്രി ബംഗളുരുവില്‍ എത്തി കുമാര സ്വാമിക്ക് ആശംസ അറിയിച്ചു

ബംഗളുരു :  കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി മാറി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് പുറമെ മമത ബാനര്‍ജി, മായാവതി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. 2019ലേക്കുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന്റെ തുടക്കമായാണ് ഈ കൂടിച്ചേരല്‍ വിലയിരുത്തപ്പെടുന്നത്.
ബിജെപി വിരുദ്ധരായ മുഴുവന്‍ രാഷ്ട്രീയ നേതാക്കളെയും അണിനിരത്തിയാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തില്‍ ഏറിയത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥികള്‍. ഇരുവര്‍ക്കും പുറമെ മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരും ബിഎസ്പി നേതാവ് മായാവതി, എന്‍സിപിയുടെ ശരത് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡിയുടെ തേജസ്വി യാദവ് തുടങ്ങിയവരും ചടങ്ങിന് സാക്ഷികളായി.

സമീപകാലത്തൊന്നും ഇത്രയും പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് പൊതുവേദിയില്‍ അണിനിരന്നിട്ടില്ല. അതിനാല്‍ ഇന്നത്തെ സംഗമത്തിന് വലിയ രാഷ്ട്രീയ അര്‍ത്ഥങ്ങളാണ് കല്‍പിക്കപ്പെടുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി രൂപം കൊള്ളാന്‍ പോകുന്ന വിശാല പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായിട്ടാണ് ഈ ഒത്തുചേരല്‍ വിലയിരുത്തപ്പെടുന്നത്. ഈ ലക്ഷ്യത്തോടെ തന്നെയാണ് ഇത്രയും പ്രതിപക്ഷ നേതാക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസും ജെ ഡി എസും തീരുമാനിച്ചത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഏത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന സന്ദേശം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കാനായി എന്ന നേട്ടമാണ് കര്‍ണാടക നല്‍കുന്നത്.

അതേസമയം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് കല്ലുകടിയായി. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാന്‍ മടിച്ച കെസിആര്‍ ഇന്നലെ രാത്രി ബംഗളുരുവില്‍ എത്തി കുമാര സ്വാമിക്ക് ആശംസ അറിയിച്ചു മടങ്ങുകയായിരുന്നു. തൂത്തുക്കുടി വെടിവെപ്പിനെ തുടര്‍ന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും ചടങ്ങിലേക്ക് എത്തിയില്ല.

You might also like

-