കെ പി സി സി യിലെ ചേരിപ്പോര് ഹൈക്കമാൻഡിന‌് കടുത്ത അതൃപ്തി; തെറ്റിദ്ധരിപ്പിക്കലുകൾ നടന്നിട്ടുണ്ടോയെന്ന് ഹൈക്കമാൻഡ‌് പരിശോധിക്കും

തർക്കം തുടർന്നാൽ ഹൈക്കമാൻഡിന്റെ ഇടപെടലുണ്ടാകും

0

ഡൽഹി : രാജ്യസഭാസീറ്റുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട ചേരിപ്പോരില്‍ ഹൈക്കമാൻഡിന‌് കടുത്ത അതൃപ്തി. വിഷയത്തിൽ മുതിർന്ന നേതാക്കളെ പോലും വിശ്വാസത്തിലെടുക്കാതെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എം എം ഹസ്സനും ചർച്ചകൾക്കായി ഡൽഹിയിലേക്ക് എത്തിയതിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ട്.

മാണിക്ക് സീറ്റ് നൽകാനുള്ള സംസ്ഥാനനേതാക്കളുടെ നിർദേശം ഘടകകക്ഷി നേതാക്കൾ അടക്കം പങ്കെടുത്തുള്ള ചർച്ചയിൽ രാഹുൽ അംഗീകരിച്ചതായതിനാൽ തീരുമാനത്തിൽ മാറ്റമുണ്ടാകില്ല.വി എം സുധീരൻ, പി ജെ കുര്യൻ, തിരുവഞ്ചുർ രാധാകൃഷ്ണൻ തുടങ്ങി ഒട്ടനവധി നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തുവന്നത് ഹൈക്കമാൻഡിനെ അമ്പരപ്പിച്ചു.

സംസ്ഥാനനേതാക്കൾ രാഹുലിനോട് പറഞ്ഞ കാര്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കലുകൾ നടന്നിട്ടുണ്ടോയെന്ന് ഹൈക്കമാൻഡ‌് പരിശോധിക്കും. മാണിക്ക് സീറ്റ് നൽകിയത് കോൺഗ്രസിനെ സംഘടനാപരമായി ദുർബലപ്പെടുത്തുമെന്ന തരത്തിൽ നിരവധി പരാതികളും ഹൈക്കമാൻഡിന‌് ലഭിച്ചു.

നിലവിൽ സംസ്ഥാനത്തുണ്ടായ പൊട്ടിത്തെറിക്ക് എത്രയുംവേഗം പരിഹാരം കാണണമെന്നാണ് നേതൃത്വം താൽപ്പര്യപ്പെടുന്നത്. അണികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തർക്കം തുടർന്നാൽ ഹൈക്കമാൻഡിന്റെ ഇടപെടലുണ്ടാകും.

മാണിക്ക് സീറ്റ് നൽകിയത് ഉമ്മൻചാണ്ടിയുടെ ഗൂഢാലോചനയാണെന്ന ആരോപണം പി ജെ കുര്യൻ ആവർത്തിച്ചു. ഇക്കാര്യം രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് ധരിപ്പിക്കുമെന്നും കുര്യൻ വ്യക്തമാക്കി. തനിക്ക് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നവരെല്ലാംതന്നെ ഉമ്മൻചാണ്ടിയുടെ ശിഷ്യരാണ്.

തനിക്ക് സീറ്റ് ആവശ്യമില്ലെന്ന് ഹൈക്കമാൻഡിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. ചില പേരുകൾ താൻ നിർദേശിക്കുകയും ചെയ്തു. ഉമ്മൻചാണ്ടിയുമായി ഒന്ന് രണ്ട് വയസ്സിന്റെ വ്യത്യാസം മാത്രമാണുള്ളത്. ആ വ്യക്തിയുടെ അനുയായികളാണ് തന്നെ പ്രായത്തിന്റെപേരിൽ ആക്രമിച്ചത്. നാട്ടിൽ പോയി വന്നാലുടൻ രാഹുലിനെ കണ്ട് വസ്തുതകൾ ബോധ്യപ്പെടുത്തും‐ കുര്യൻ പറഞ്ഞു.

You might also like

-