കോഴിക്കോട് പനിബാധിതരുടെ എണ്ണം 2348 കവിഞ്ഞു
കോഴിക്കോട്: നിപ്പാ വൈറസ്ബാധ സ്ഥിരീകരിച്ച കോഴിക്കോട്ട് പലവിധ പനിമൂലം മൂന്നു ദിവസത്തിനുള്ളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 2348 പേർ. ഇതിൽ 28 പേരെ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം മൂന്നു ദിവസത്തിനുള്ളിൽ ഒരാൾക്കുപോലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ല. രണ്ടു പേർ പനിബാധിച്ച് ഈ ദിവസങ്ങളിൽ മരിച്ചിരുന്നു. പടനിലം സ്വദേശി സിന്ധു, നന്മണ്ട സ്വദേശി വേലായുധൻ എന്നിവരാണ് പനിയെ തുടർന്ന് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് പുതുപ്പാടി സ്വദേശി റംലയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
മറ്റു ജില്ലകളെ അപേക്ഷിച്ച് പനി കൂടുതലായും റിപ്പോർട്ട് ചെയ്തത് കോഴിക്കോടാണ്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 3343 പേരാണ് പനിബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 72 പേരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കുറവ് പനിബാധിതരുള്ളത്. 36 പേരാണ് ഞായറാഴ്ച മാത്രം ഇവിടെ ചികിത്സ തേടിയെത്തിയത്.