യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷം ദൗർഭാഗ്യകരമെന്ന് കോടിയേരി ബാലകൃഷ്ണൻ.

പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

0

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു കാരണവശാലും ഇത്തരത്തിലുള്ള സംഭവങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. കോളേജിൽ വിദ്യാർത്ഥികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംഘർഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

കോളേജ് യൂണിയനിലെ ഭാരവാഹികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടത് എന്നതുകൊണ്ട് എസ്എഫ്‌ഐ നടപടി സ്വീകരിച്ചു. ആരോപണവിധേയരായവരെ സംഘടനയിൽ നിന്നും പുറത്താക്കുകയും യൂണിയൻ പിരിച്ചുവിടുകയും ചെയ്തു. വിദ്യാർത്ഥി സംഘടന എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണ് എസ്എഫ്‌ഐ. പാർട്ടി ഒരു കാര്യവും സംഘടനയ്ക്ക് മേൽ അടിച്ചേൽപ്പിക്കില്ല. പൊലീസ് മാതൃതാപരമായ നടപടികൾ ഇതിൽ സ്വീകരിക്കുമെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ഫലപ്രദമായി നടക്കുമെന്ന് കരുതുന്നു. ഉചിതമായ നടപടി അന്വേഷണ സംഘം സ്വീകരിക്കും. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പൊലീസ് അന്വേഷണത്തിന് എവിടെയും ഒരു തടസവും ഉണ്ടാകില്ല. എവിടെ തെളിവെടുപ്പ് നടത്തണം, എങ്ങനെ അന്വേഷണം നടത്തണമെന്നെല്ലാം പൊലീസാണ് തീരുമാനമെടുക്കേണ്ടത്. അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിന് തടസമാകുന്ന ഒരു കാര്യവും ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.

യൂണിറ്റ് ഓഫീസിൽ നിന്നും എന്തെല്ലാം പിടിച്ചെടുത്തു എന്ന് അറിയില്ല. കോളേജ് അവിടെ നിന്നും മാറ്റണമെന്ന് പണ്ടു മുതലുള്ള യുഡിഎഫ് ആവശ്യപ്പെടുന്നുണ്ട്. സംഘർഷത്തിന്റെ പേരിൽ കോളേജ് തന്നെ മാറ്റണം എന്നു പറയുന്നതിൽ കാര്യമില്ല. ഇത്തരം സംഭവം എവിടെയും നടന്നേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

You might also like

-