ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാർ ജി ജയലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്‌തു. പിരിച്ചുവിടണമെന്ന് ജി സുധാകരൻ .
മരണാസന്നനായിരുന്ന സനീഷ് കിടപ്പുരോഗിയുമായിരുന്നു. ആംബുലൻസിലാണ് രജിസ്ട്രാർ ഓഫീസിലെത്തിയത്. എന്നാൽ രോഗിയെ മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലുള്ള ഓഫീസിലേക്ക് എത്തിക്കാൻ ജയലക്ഷ്മി നിർബന്ധം പിടിച്ചു.
തിരുവനന്തപുരം: ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാർ ജി ജയലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്‌തു. മന്ത്രി ജി സുധാകരന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യാനെത്തിയ കട്ടപ്പന സ്വദേശി സനീഷിനെ ബുദ്ധിമുട്ടിച്ചതിനാണ് നടപടി. മരണാസന്നനായിരുന്ന സനീഷ് കിടപ്പുരോഗിയുമായിരുന്നു. ആംബുലൻസിലാണ് രജിസ്ട്രാർ ഓഫീസിലെത്തിയത്. എന്നാൽ രോഗിയെ മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലുള്ള ഓഫീസിലേക്ക് എത്തിക്കാൻ ജയലക്ഷ്മി നിർബന്ധം പിടിച്ചു. തുടർന്ന് കസേരയിൽ സനീഷിനെ ഓഫീസിലെത്തിച്ചു. ഇതിന് തൊട്ടടുത്ത ദിവസം സനീഷ് മരണത്തിന് കീഴടങ്ങി. ജയലക്ഷ്മിക്ക് എതിരെ പ്രതിഷേധം ഉയർന്നതോടെ മന്ത്രി നേരിട്ട് സനീഷിന്റെ ബന്ധുക്കളോട് സംസാരിച്ചു. പിന്നാലെയാണ് നടപടിയെടുത്തത്. വിശദമായ അന്വേഷണം നടത്തി ജയലക്ഷ്മിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രി തന്റെ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.