പോലീസ് കാവലിൽ രാജിവച്ച എം എൽ എ മാരെ രാജ്ഭവനിൽ എത്തിക്കും
മന്ത്രി കെജെ ജോർജിന്‍റെ മുറിയിൽ നിന്നുമാണ് സുധാകറിനെ കൊണ്ടുപോയത്.രാജി വച്ച കോൺഗ്രസ് എംഎൽഎമാരായ കെ സുധാകറിനെയും എംടിബി നാഗരാജിനെയും അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തിയിരുന്നു
ബെംഗലുരു: കർണാടകയിൽ രാജിവെച്ച കോൺഗ്രസ് എംഎൽഎ സുധാകറിനെ ഗവർണറുടെ നിർദേശ പ്രകാരം പെലീസെത്തി കൊണ്ടു പോയി. രാജ്ഭവനിൽ എത്തിക്കാനാണ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം കിട്ടിയിരിക്കുന്നത്. മന്ത്രി കെജെ ജോർജിന്‍റെ മുറിയിൽ നിന്നുമാണ് സുധാകറിനെ കൊണ്ടുപോയത്.രാജി വച്ച കോൺഗ്രസ് എംഎൽഎമാരായ കെ സുധാകറിനെയും എംടിബി നാഗരാജിനെയും അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു സുധാകറിനെ കാണുകയും ചെയ്തു. രാജി വയ്ക്കാനെത്തിയ സുധാകറിനെ കോൺഗ്രസ് നേതാക്കൾ ബലമായി പിടിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു.
തുടർന്നുണ്ടായ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ വിധാൻ സൗധയുടെ എല്ലാ കവാടങ്ങളും അടയ്ക്കുകയും മാധ്യമങ്ങളെ സൗധയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ, ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ വിധാൻ സൗധയിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പിൻവലിച്ചു. മാധ്യമ പ്രവർത്തകരെ വിധാൻ സൗധയ്ക്ക് അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
അതേ സമയം മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഡികെ ശിവകുമാറിനെ രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വിട്ടയച്ചു. എംഎൽഎമാരെ കാണാൻ ആഗ്രഹമുണ്ടെങ്കിലും തത്കാലം മുംബൈ പൊലീസ് നിർദ്ദേശിച്ച പ്രകാരം ബെംഗളുരുവിലേക്ക് മടങ്ങുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു