“സഖ്യത്തെകുറിച്ചു സംസാരിച്ചതേയില്ല ” കമല്‍ഹാസനും രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി
കമല്‍ഹാസനുമായി നടന്ന കൂടിക്കാഴ്ച സന്തോഷം നല്‍കുന്നു: രാഹുല്‍
ഡൽഹി :നടന്‍ കമല്‍ ഹാസനും കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു തമിഴ്‍നാടിന്റെ രാഷ്ട്രീയസാഹചര്യങ്ങളാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് ഇരുവരും പറഞ്ഞു. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി ഈ അടുത്ത കാലത്താണ് കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത്..‘’ഡല്‍ഹിയില്‍വെച്ച് കമല്‍ഹാസനുമായി നടന്ന കൂടിക്കാഴ്ച സന്തോഷം നല്‍കുന്നു. രണ്ടു പാര്‍ട്ടികളും പരിഗണിക്കുന്ന അനവധി വിഷയങ്ങളെകുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. തമിഴ്നാടിന്റെ രാഷ്ട്രീയാവസ്ഥകളും ചര്‍ച്ചയ്ക്കു വന്നു’’വെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ട്വീറ്റ് ചെയ്തു.
കമല്‍ ഹാസനും തന്റെ പ്രതികരണം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ രാഹുല്‍ഗാന്ധിക്ക് അദ്ദേഹം ട്വീറ്റിലൂടെ നന്ദി പറഞ്ഞു. കൂടിക്കാഴ്ച രാഹുലിന് ഉപകാരപ്പെട്ടിരിക്കുമെന്ന് കരുതുന്നുവെന്നും കമല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഞങ്ങള്‍ രാഷ്ട്രീയം സംസാരിച്ചും എന്നുള്ളത് ശരിയാണ്. പക്ഷേ, അത് നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ലെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു. കോണ്‍ഗ്രസും മക്കള്‍ നീതിമയ്യവും തമ്മില്‍ ഒരു ലയനത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അതൊന്നും തങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു മറുപടി.