മോൻസൻ മാവുങ്കലുമായി ഉയർന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് കെ സുധാകരൻ

"മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്. കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. പരിചയമുണ്ട്. ഡോക്ടർ എന്ന നിലയിലാണ് പരിചയം. എത്ര തവണ വീട്ടിൽ പോയിട്ടുണ്ടെന്ന് എണ്ണിയിട്ടില്ല. എന്നോട് സംസാരിച്ചുവെന്ന് പറയുന്ന പരാതി നൽകിയ വ്യക്തിയെ എനിക്ക് അറിയില്ല. അയാൾ കറുത്തിട്ടോ വെളുത്തിട്ടോയെന്നെനിക്ക് അറിയില്ല.

0

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോൻസനെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർ എന്ന നിലയിലാണ് പരിചയം. വീട്ടിൽ പോയി പുരാവസ്തു ശേഖരവും കണ്ടിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ല. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്നും നുണ പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു. ഗൂഢാലോചനകൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണോ എന്ന് സംശയിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു.

“മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്. കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. പരിചയമുണ്ട്. ഡോക്ടർ എന്ന നിലയിലാണ് പരിചയം. എത്ര തവണ വീട്ടിൽ പോയിട്ടുണ്ടെന്ന് എണ്ണിയിട്ടില്ല. എന്നോട് സംസാരിച്ചുവെന്ന് പറയുന്ന പരാതി നൽകിയ വ്യക്തിയെ എനിക്ക് അറിയില്ല. അയാൾ കറുത്തിട്ടോ വെളുത്തിട്ടോയെന്നെനിക്ക് അറിയില്ല. അങ്ങനെ ഒരു ഡിസ്ക്കഷൻ മോൻസന്റെ വീട്ടിൽ വെച്ച് നടന്നിട്ടില്ലെന്ന് അടിവരയിട്ട് പറയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ ആരോപണത്തിന് പിന്നിലുണ്ടെന്നാണ് സംശയം.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് 5 തവണയിലേറെ പരാതിക്കാരനെ വിളിച്ചുവെന്ന് അയാൾ തന്നെ പറയുന്നുണ്ട്. 2018 ൽ താൻ പാർലമെൻ്റ് അംഗം പോലുമല്ല. ഫിനാൻസ് കമ്മറ്റിയിൽ ഇതുവരെ അംഗവുമായിട്ടില്ല. ബാലിശമായ ആരോപണങ്ങളാണ് എനിക്കെതിരെ ഉയർന്നത്. 2018 ഡിസംബർ 22 ന് ഉച്ചയ്ക്ക് കോൺഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഇത് പൊതു രേഖയാണ്. തനിക്കെതിരെ കറുത്ത കൈകൾ പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയാണ് ഈ ആരോപണത്തിന് പിന്നിൽ എന്ന് സംശയിക്കുകയാണ്”

“മോൻസന്റെ വീട്ടിൽ ഒരു ദിവസം പോലും താമസിച്ചിട്ടില്ല. അദ്ദേഹവുമായി ബന്ധമുണ്ട്. വീട്ടിൽ പോയിട്ടുണ്ട്. കെപിസിസി ഓഫീസിൽ വന്ന് അദ്ദേഹം എന്നെ കണ്ടിട്ടുമുണ്ട്. എന്നെ അദ്ദേഹം ചികിത്സിച്ചിട്ടുണ്ട്. വ്യാജ ഡോക്ടർ ആണെന്ന് അറിയില്ലായിരുന്നു. തനിക്ക് വേണ്ടി ആരും ഇടപെട്ടിട്ടില്ല. കോടികളുടെ ആഡംബര ജീവിതമായിരുന്നു മോൻസണ നയിച്ചത്”. തനിക്കെതിരെ ഉയർന്ന ആരോപണം തെളിയിച്ചാൽ പൊതു ജീവിതം അവസാനിപ്പിക്കാമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചു. 2018 നവംബ‍ർ 22ന് ഉച്ചയ്ക്ക് 2മണിക്ക് ഇയാളുടെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ കോടികൾ കൈയ്യിൽ കിട്ടാൻ ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം രൂപ വേണമെന്ന് മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ടു. കെ സുധാകരൻറെ ഇടപെടലിൽ പാർലമെന്‍റിലെ പബ്ളിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് ഒപ്പുടിവിച്ച് പണം വിടുവിക്കുമെന്നും സംശയമുണ്ടെങ്കിൽ തന്‍റെ വീട്ടിലേക്ക് വന്നാൽ മതിയെന്നും അറിയിച്ചു.

നവംബ‍ർ 22ന് കലൂരിലെ വീട്ടിൽവെച്ച് സുധാകരന്‍റെ സാന്നിധ്യത്തിൽ ഡൽഹിയിലെ കാര്യങ്ങൾ സംസാരിച്ചെന്നും ഇതിന് തുടർച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിലുളളത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018ൽ സംഭവം നടക്കുമ്പോൾ സുധാകരൻ എംപിയായിരുന്നില്ല. ഈ പണം കൈമാറ്റവും ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണപരിധിയിലുണ്ട്.

You might also like

-