സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
മഴ കുറയുമെങ്കിലും അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ ദുർബലമായിരിക്കും. അറബികടലിലെ തീവ്ര ന്യൂനമർദ്ദം കേരളത്തെ വലിയ തോതിൽ ബാധിക്കുകയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദേശം. മഴ കുറയുമെങ്കിലും അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
പ്രത്യേകിച്ച് മദ്ധ്യ, തെക്കൻ ജില്ലകളിൽ മഴ കുറവാകുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദ്ദം നിലവിൽ മദ്ധ്യ-കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചേക്കാം. 24 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.