ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് പോര്‍വിമാനങ്ങള്‍, നിരീക്ഷണം ശക്തമാക്കി ഇന്ത്യ,ഇന്ത്യചൈന ബന്ധം സുസ്ഥിരമെന്ന് ചൈനീസ് വക്താവ്
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ അനിശ്ചിതാവസ്ഥ കൂടുതല്‍ ശക്തമാവുന്നു. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ചൈനീസ് പോര്‍ വിമാനങ്ങള്‍ പരീക്ഷണ പറക്കല്‍ നടത്തി. ഇതോടെ മേഖലയിലെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുകയാണ് ഇന്ത്യ.
കിഴക്കന്‍ ലഡാക്കിനോട് ചേര്‍ന്നുള്ള ചൈനയുടെ വ്യോമതാവളമായ ഹോട്ടനില്‍ നിന്നും ഗര്‍ഗുന്‍സയില്‍ നിന്നും 10-12 ചൈനീസ് പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പറന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ജെ 7 ജെ 11 പോര്‍വിമാനങ്ങളാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍ മാറി പറന്നത്. നിലവില്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി വിവരമില്ല.
അതേസമയം മേഖലയിലെ വ്യോമ നിരീക്ഷണം അടക്കം ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. മെയ് ആദ്യ വാരത്തില്‍ തന്നെ ലഡാക്ക് മേഖലയിലേക്ക് ഇന്ത്യ പോര്‍വിമാനങ്ങളെത്തിച്ചിരുന്നു. ഇന്ത്യയുടേയും ചൈനയുടേയും ഹെലികോപ്റ്ററുകള്‍ നേര്‍ക്കുനേര്‍ പറന്ന സംഭവത്തിന് പിന്നാലെയായിരുന്നു ഈ നടപടി.
കഴിഞ്ഞ വര്‍ഷം ആറ് പാകിസ്താന്‍ ജെഎഫ്- 17എസ് പോര്‍വിമാനങ്ങള്‍ ഇവിടെ ചൈനക്കൊപ്പം സംയുക്ത വ്യോമാഭ്യാസം നടത്തിയിരുന്നു. ഇതിനു ശേഷം ഹോട്ടന്‍ വ്യോമതാവളം ഇന്ത്യയുടെ നിരീക്ഷണത്തിലാണ്. ഷഹീന്‍ 8 എന്ന് പേരിട്ട വ്യോമാഭ്യാസത്തില്‍ പങ്കെടുക്കാന്‍ പാക് അധീന കശ്മീരിലെ സ്‌കാര്‍ഡുവില്‍ നിന്നാണ് ഹോട്ടനിലേക്ക് പാക് പോര്‍വിമാനങ്ങള്‍ പോയത്
അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും വലിയ തോതിലുള്ള സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള റിയര്‍ ബേസില്‍ ചൈന വന്‍തോതില്‍ ആയുധമെത്തിക്കുന്നതായാണ് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍. പീരങ്കികള്‍, ടാങ്കുകള്‍, സൈനിക വാഹനങ്ങള്‍, കനത്ത സൈനിക ഉപകരണങ്ങള്‍ തുടങ്ങിയവ ചൈനീസ് സൈന്യം ഇവിടെയെത്തിച്ചതായാണ് വിവരം. ഇതിനു പുറമെ, സ്ഥിരം സൈനികതാവളങ്ങളും താല്‍ക്കാലിക കേന്ദ്രങ്ങളും ചൈന നിര്‍മിക്കുന്നുമുണ്ട്.
ഗല്‍വാനിലും പാങ്കോങ്ങിലും പൂര്‍വസ്ഥിതി കൊണ്ടുവരുന്നതിനായി ഇന്ത്യന്‍ സൈന്യവും സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സൈനികരെ ഇവിടെ നിയോഗിക്കുകയും ആയുധങ്ങള്‍ എത്തിക്കുകയും ചെയ്തു. ചൈനീസ് കടന്നുകയറ്റം കണ്ടെത്തുന്നതിനായി വ്യോമസേനാ വിമാനങ്ങള്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
അതേസമയംനിലവിൽ ചൈന-ഇന്ത്യ അതിർത്തിയിലെ സ്ഥിതി സുസ്ഥിരവും നിയന്ത്രിക്കാവുന്നതുമാണ്. അതിർത്തി വിഷയത്തിൽ ചൈനയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര, സൈനിക ആശയവിനിമയ മാർഗങ്ങൾ തുറന്നിരിക്കുന്നതായി നീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു