കോട്ടയത്ത് യു ഡി എഫ് ന് വമ്പൻ തിരിച്ചടി ബി ജെ പി സഹായത്തോടെ ഇടതുപക്ഷം ഭരണം പിടിച്ചു
എട്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നിരുന്നു
കോട്ടയം:കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി. കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി.നഗരസഭയിൽ ഇടതു പക്ഷം കൊണ്ടുവന്ന അവിശ്വസ പ്രമേയം പാസ്സായി നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യുഡിഎഫിന്‍റെ ഭരണം നഷ്ടമായത്. എട്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. ഒരു സിപിഎം സ്വതന്ത്ര്യന്‍റെ വോട്ട് അസാധുവായി.
ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തം ആണെന്നുമായിരുന്നു സതീശന്‍റെ വിമര്‍ശനം.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു അറിയിച്ചിരുന്നു. ബിജെപി കൗൺസിലർമാരുടെ വാർഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും നോബിൾ മാത്യു അറിയിച്ചു. സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും എന്നാൽ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈരാറ്റുപേട്ട നഗരസഭയിലും യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്‌ഡിപിഐ പിന്തുണയോടെ പാസാവുകയായിരുന്നു. 28 അംഗ നഗരസഭയിൽ യുഡിഎഫിന് 14 അംഗങ്ങളാണുണ്ടായിരുന്നത്. എൽഡിഎഫിന് ഒന്‍പത് അംഗങ്ങളും. ലീഗ് ചെയർപേഴ്‍സന്‍ സുഹറ അബ്ദുൾ ഖാദറിനോട് വിയോജിപ്പുണ്ടായിരുന്ന കോൺഗ്രസ് അംഗം അൻസൽന പരീക്കുട്ടിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. പ്രമേയം അഞ്ച് അംഗങ്ങളുള്ള എസ്‍ഡിപിഐ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു