പിജെ ജോസെഫിന്റെ ബന്ധു വനഭൂമി കൈയ്യേറി നിർമ്മിച്ച കുളമാവ് ഗ്രീന്‍ബര്‍ഗ് ഹോളിഡേ റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കി

മുൻമന്ത്രിയും കേരളാകോൺഗ്രസ് വർക്കിങ് ചെയർമാനുമായ പിജെ ജോസഫിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിൽ ഉള്ള കുളമാവിലെ ഗ്രീ ബെർഗ്ഗ് റിസോർട്ടിന്റെ പട്ടയം ജില്ലാകളക്റ്റർ റദ്‌ചെയ്തു

0

ഇടുക്കി :മുൻമന്ത്രിയും കേരളാകോൺഗ്രസ് വർക്കിങ് ചെയർമാനുമായ പിജെ ജോസഫിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിൽ ഉള്ള കുളമാവിലെ ഗ്രീ ബെർഗ്ഗ് റിസോർട്ടിന്റെ പട്ടയം ജില്ലാകളക്റ്റർ റദ്‌ചെയ്തു ഉത്തരവിറക്കി ,വനഭൂമി കയേറിയതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കുളമാവ് ഗ്രീന്‍ബര്‍ഗ് ഹോളിഡേ റിസോര്‍ട്ട് കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ജില്ലാ കളക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഹൈക്കോടതി വിധിക്കു വിധേയമായിട്ടുള്ള നടപടിയില്‍ രണ്ടാഴ്ചയ്ക്കുളളില്‍ മൂന്നേക്കര്‍ ഭൂമി ഏറ്റെടുത്ത് വനംവകുപ്പിനു കൈമാറാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ തൊടുപുഴ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി.
1979ല്‍ പോത്തുമറ്റം തഴക്കല്‍ ചാക്കോ മാത്യു തന്റെ കൈവശമുള്ളതെന്ന് അവകാശപ്പെട്ട ഭൂമിയാണ് പിന്നീട് കൈമാറ്റം ചെയ്യപ്പെട്ട് റിസോര്‍ട്ട് ഗ്രൂപ്പിന്റെ പക്കലെത്തിയത്. 1980 ല്‍ ഈ ഭൂമിയ്ക്കു പട്ടയം ലഭിച്ച സാഹചര്യത്തില്‍ ഇതു വനഭൂമിയാണെന്നു കാണിച്ച് വനംവകുപ്പ് റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. കയ്യേറ്റത്തിനെതിരേ വനംവകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് 1988 ല്‍ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറും റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ 1964 ലെ ഭൂമി പതിവു ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. പിന്നീട് വസ്തുവിന്റെ കൈവശ അവകാശം റിസോര്‍ട്ട് ഗ്രൂപ്പിന്റെ പക്കലെത്തി. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇക്കാലമത്രയും അടിസ്ഥാനരഹിതമായ വാദങ്ങളുടെയും കേസുകളുടെയും അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകിപ്പിക്കുന്ന സ്ഥിതിയാണുണ്ടായത്. ഉടമയുടെ ഹര്‍ജിയില്‍ തീര്‍പ്പു കല്പിക്കുന്നതിനായി 2012 ല്‍ വിഷയം ഹൈക്കോടതി ജില്ലാ കളക്ടര്‍ക്കു വിട്ടു.
വസ്തുവിന്റെ ആദ്യഉടമ ചാക്കോ മാത്യു 01-01-1977 ശേഷമാണു വനഭൂമിയില്‍ കയ്യേറ്റം നടത്തിയതെന്നു ബോധ്യപ്പെട്ടതായും ഇതിനു ശേഷമുള്ള വനഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.

കേസിന്റെ നാൾവഴികൾ

2007 സെപ്റ്റംബറിലാണ് മന്ത്രി പി.ജെ ജോസഫിന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുളള കുളമാവ് ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടിന്റെ പേരിലുളള 15 പട്ടയങ്ങളിലൊന്ന് വ്യാജമാണെന്ന് അന്നത്തെ ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി കണ്ടെത്തിയത്. അന്ന് എല്‍.ഡി.എഫിലെ മുഖ്യഘടകകക്ഷികളിലൊന്നായിരുന്നു പി.ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ്(ജെ). അന്നത്തെ രാഷ്ട്രീയ ശത്രുക്കളായിരുന്ന കോണ്‍ഗ്രസ് നേതാക്കളാണ് ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടിന്റെയും പി.ജെ.ജോസഫ് അധ്യക്ഷനായ ഗാന്ധിജി സ്റ്റഡി സെന്ററിന്റെയും ഭൂമി കൈയേറ്റത്തിനെതിരെ വിജിലന്‍സ് കോടതയില്‍ കേസ് കൊടുപ്പിച്ചത്. പക്ഷെ രാഷ്ട്രീയ മാറ്റം മറിച്ചിലുകളുടെ ഫലമായി ജോസഫ് യു.ഡി.എഫ് പാളയത്തിലെത്തിയപ്പോഴാണ് കോട്ടയം വിജിലന്‍സ് കോടതി കേസ് എടുത്തത് എന്ന് മാത്രം.
കാഞ്ഞാര്‍ വരിക്കാനിക്കുന്നേല്‍ എം.എ.ഹസന്റെ പേരില്‍ സമ്പാദിച്ച 2.65 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് വ്യാജമാണെന്ന് 2007ല്‍ കലക്ടര്‍ കണ്ടെത്തിയത്. പി.ജെ.ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് കെ.പി.ജോര്‍ജാണ് റിസോര്‍ട്ടിന്റെ മാനേജിംഗ് ഡയറക്ടര്‍.
പൈനാവ് പട്ടയ ഓഫീസില്‍ റവന്യു ഇന്‍സ്‌പെക്ടറായിരുന്ന ഹസന്‍ 1980ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. 81ലാണ് എല്‍.എ 24/81 നമ്പരായി ഇതേ ഓഫീസില്‍ നിന്നും അറക്കുളം വില്ലേജ് 774/1ല്‍പ്പെട്ട സ്ഥലത്തിന് പട്ടയം സമ്പാദിച്ചത്. 1964ലെ കേരളാ ഭൂമിപതിവ് ചട്ടപ്രകാരം ഈ പട്ടയങ്ങള്‍ അസാധുവാണെന്നാണ് റവന്യു അധികൃതര്‍ കണ്ടെത്തിയത്.
ഏഴു ക്രമക്കേടുകളാണ് പട്ടയത്തില്‍ ഉളളത്. തരിശ് ഭൂമിയാണെന്ന് കാണിച്ചാണ് വനഭൂമിക്ക് പട്ടയം നേടിയത്. പട്ടയത്തില്‍ ഒരു അതിര്‍ത്തി റിസര്‍വ് വനഭൂമിയാണെന്ന് കാണിച്ചിട്ടുണ്ട്. കാര്‍ഷിക ആവശ്യത്തിന് നല്‍കുന്ന പട്ടയം റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നല്‍കി. 12(1) നോട്ടീസ് ചട്ടപ്പടി പരസ്യപ്പെടുത്തിയിട്ടില്ല. പട്ടയം കിട്ടുന്നതിന് 15 വര്‍ഷം മുമ്പ് ഈ ഭൂമി കൈവശം വന്നതായി വ്യാജരേഖയുണ്ടാക്കി എന്നിവയാണ് പ്രധാന ക്രമക്കേടുകള്‍.
15 പട്ടയങ്ങളാണ് റിസോര്‍ട്ടിന്റെ പേരില്‍ രേഖയുളള 15 ഏക്കര്‍ ഭൂമിക്കുളളത്. ഇതിന് പുറമെ ഇവര്‍ 35 ഏക്കറോളം വനഭൂമി കൈവശപ്പെടുത്തിയതായും തെളിഞ്ഞിരുന്നു. മുന്‍ യു.ഡി.എഫ് ഭരണകാലത്ത് തന്നെ വ്യാജമാണെന്ന് കണ്ടെത്തിയതിനാല്‍ ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടിന്റെ പട്ടയം ഇടുക്കി ആര്‍.ഡി.ഒ റദ്ദാക്കിയിരുന്നു. എന്നാല്‍ യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് പട്ടയം റദ്ദാക്കിയ ഉത്തരവ് മരവിപ്പിച്ചു.
കുളമാവ് പോത്തുമറ്റം ചാക്കോ മാത്യുവിന്റെ പേരില്‍ ലഭിച്ച എല്‍.എ 26/80 നമ്പര്‍ മൂന്നേക്കര്‍ പട്ടയത്തിലാണ് റിസോര്‍ട്ടിന്റെ മുഖ്യകെട്ടിടം സ്ഥിതി ചെയ്യുന്നത്. വനഭൂമിക്ക് കേരളാ ഭൂമി പതിവ് ചട്ടപ്രകാരമുളള എല്‍.എ പട്ടയം നല്‍കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ ഈ സ്ഥലം തരിശുഭൂമിയാണെന്ന് രേഖപ്പെടുത്തിയാണ് പട്ടയം നേടിയത്.
ഇതേപ്പറ്റി പരാതിയുണ്ടായതിനെ തുടര്‍ന്ന് 1993ല്‍ ലാന്റ് റവന്യു കമീഷണറുടെ നിര്‍ദേശപ്രകാരം ഇടുക്കി ആര്‍.ഡി.ഒ പട്ടയം റദ്ദാക്കാന്‍ ഉത്തരവിട്ടു. ഇതിനിടെ സ്ഥലം റിസോര്‍ട്ട് സ്ഥാപിക്കുന്നതിനായി ഗ്രീന്‍ ബര്‍ഗ് ഉടമകള്‍ വാങ്ങിയിരുന്നു. പട്ടയം റദ്ദാക്കിയ നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ അന്നത്തെ റവന്യു മന്ത്രി കെ.എം മാണിക്ക് അപേക്ഷ നല്‍കി. റദ്ദാക്കിയ നടപടി തല്‍ക്കാലം മരവിപ്പിക്കാന്‍ മന്ത്രി അപേക്ഷയില്‍ തന്നെ ഉത്തരവിട്ടു. തുടര്‍ന്നാണ് റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചത്.പട്ടയം റദ്‌ചെയ്തതോടെ ഒടമകൾ എന്ന അവകാശപ്പെടുന്നവർ ട്രീ സ്റ്റാർ ഹോട്ടൽ സമുച്ഛയങ്ങൾ അടക്കമാണ് ഒഴിഞ്ഞു പോക്കേണ്ടത് ഇനി ഒഴിപ്പിക്കേണ്ടത് പിജെ ജോസെഫിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിജി സ്റ്റഡി സെന്റർ കൈവശം വച്ചിട്ടുള്ള ഭൂമിയാണ് ആദിവാസി ഭൂമി കൈയേറിയൻ ഈ കെട്ടിടം നിർമ്മിച്ചതെന്ന് ജില്ലാഭരണകൂടം നേരെത്തെ കണ്ടെത്തിയിരുന്നു