അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ഓണത്തിന് മുൻപ് നൽകുമെന്ന് സർക്കാർ
ദേശീയപാത നിർമ്മാണത്തിനിടെ അടിമാലിയിൽ കൂമ്പൻപാറയിൽ കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ മണ്ണിടിച്ചതിൽ എട്ട് വീടുകൾ പൂർണ്ണമായും 18 എണ്ണം വാസയോഗ്യമല്ലാതാവുകയും ചെയ്തിരുന്നു.
ഇടുക്കി | അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ അനിശ്ചിതകാല സമരത്തിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. വാസയോഗ്യമല്ലാത്ത 18 വീടുകൾക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ് നൽകുമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.ദേശീയപാത നിർമ്മാണത്തിനിടെ അടിമാലിയിൽ കൂമ്പൻപാറയിൽ കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ മണ്ണിടിച്ചതിൽ എട്ട് വീടുകൾ പൂർണ്ണമായും 18 എണ്ണം വാസയോഗ്യമല്ലാതാവുകയും ചെയ്തിരുന്നു. പൂർണ്ണമായി തകർന്ന എട്ട് വീടുകൾക്കുള്ള 10 ലക്ഷം രൂപ കൈമാറിയെങ്കിലും ബാക്കി 18 കുടുംബങ്ങൾക്ക് തുക ലഭിച്ചിരുന്നില്ല. മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടെങ്കിലും പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ലഭിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ദുരന്തബാധിതർ. അടിമാലി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുട്ടികളും മുതിർന്നവരും ഗർഭിണികളും അടക്കമുള്ളവരാണ് നിരാഹാര സമരം തുടരുന്നത്